പഞ്ചാബിലെ അമൃത്സറില്‍ ഗ്രനേഡ് ആക്രമണം; മൂന്ന് മരണം

Jaihind Webdesk
Sunday, November 18, 2018

പഞ്ചാബിലെ ഒരു പ്രാര്‍ഥനാലയത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമൃത്സറിലെ രാജസന്‍സി ഗ്രാമത്തിലെ നിരങ്കരി ഭവന്‍ പ്രാര്‍ഥനാലയത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മതാചാരപ്രകാരമുള്ള  ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഗ്രനേഡ് ആക്രമണം. എല്ലാ ഞായറാഴ്ചയും നടക്കുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി നിരവധി പേര്‍ ഇവിടെ എത്തുക പതിവാണ്. ആക്രമണം നടക്കുമ്പോള്‍ 250ലേറെ പേർ ഹാളിലുണ്ടായിരുന്നു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയിച്ച അദ്ദേഹം പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുമെന്നും അറിയിച്ചു.

അമൃത്സര്‍ വിമാനത്താവളത്തിന് എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഫോടനം നടന്ന സ്ഥലം. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയതായും പോലീസ് അറിയിച്ചു.