ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര് കൊവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്. പ്രതിദിന രോഗികളുെട എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. ഇന്നലെ അറുപത്തി ഏഴായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലും ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഡൽഹിയിലെ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. ഉത്തർപ്രദേശില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തി.
ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് ഡല്‍ഹിയും ഒഡീഷയും നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തി. വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ടുപേര്‍ പൂനെയില്‍ പിടിയിലായി. കോവിഡ് രോഗികള്‍ക്ക് നല്കുന്ന ആന്റിവൈറല്‍ കുത്തിവെപ്പായ റെംഡെസിവര്‍ കരിഞ്ചന്തയില്‍ വിറ്റ മൂന്നുപേരെ ഹരിയാനയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.