ഒരു ചായക്ക് 250 രൂപ! നെടുമ്പാശേരിയിലെ പകല്‍ക്കൊള്ളക്കെതിരായ ഹർജി സുപ്രീം കോടതി 22ന് പരിഗണിക്കും

Jaihind Webdesk
Saturday, August 20, 2022

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇടപെട്ടിട്ടും എയർപോർട്ടിൽ ന്യായ വിലയ്ക്ക് ചായയും കാപ്പിയും നല്‍കാത്തതിനെതിരെ നല്‍കിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നെടുമ്പാശേരി എയർപോർട്ടിൽ ചായയ്ക്കും കാപ്പിയ്ക്കും സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്താണ് ഹർജി നല്‍കിയത്.

വിമാനത്താവളത്തിലെ കൊള്ളവില ചൂണ്ടിക്കാട്ടി 2019 ല്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.  പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് കുറച്ചുനാൾ മാത്രം നെടുമ്പാശേരി അടക്കമുളള വിമാനത്താവളങ്ങളിൽ ന്യായ വിലയ്ക്ക് ചായയും കാപ്പിയും നല്‍കിയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം വീണ്ടും കൊള്ളവില ഈടാക്കിത്തുടങ്ങുകയായിരുന്നു.

യാത്രക്കാരിൽ നിന്ന് ചായയ്ക്കും കാപ്പിക്കും 250 രൂപയും സ്‌നാക്‌സിന് 150 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.  ഈ സാഹചര്യത്തിലാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സുപ്രീം കോടതി 22ന് വാദം കേള്‍ക്കും.