സംസ്ഥാനത്ത് 20പേര്‍ക്ക് കൂടി കൊവിഡ്; 18 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകനും രോഗം

Jaihind News Bureau
Sunday, March 29, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്കും കാസര്‍കോട് ഏഴ് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം,തൃശൂര്‍,പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്നും വന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍  മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.