രാജീവ് ഗാന്ധിക്കെതിരായ പരാമർശം: ‘മോദിയെപ്പോലെ തരംതാഴാന്‍ മറ്റാര്‍ക്കുമാവില്ല’; സംയുക്ത പ്രസ്താവനയിറക്കി അധ്യാപകർ

Jaihind Webdesk
Tuesday, May 7, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപകരമായ പ്രസ്താവനക്കെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍. ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴില്ലെന്നും തികച്ചും അസത്യമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നതെന്നും 207 അധ്യാപകര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു. രാജീവ് ഗാന്ധിയുടെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചുമായിരുന്നു അധ്യാപകര്‍ സംയുക്ത പ്രസ്താവനയിറക്കിയത്.

ടെലികമ്യൂണിക്കേഷന്‍രംഗത്തെ കുതിച്ചുചാട്ടവും റെയില്‍ ഗതാഗത മേഖലയിലെ സംഭാവനകള്‍ തുടങ്ങി രാജീവ് ഗാന്ധി എന്ന ഭരണകര്‍ത്താവിന്‍റെ കയ്യൊപ്പ് പതിഞ്ഞ മേഖലകള്‍ നിരവധിയാണ്. അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ അധ്യാപകര്‍ മോദിയെപ്പോലെ തരംതാഴാന്‍ മറ്റൊരു പ്രധാനമന്ത്രിക്കും ആവില്ലെന്നും കുറ്റപ്പെടുത്തി.

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നമ്മുടെ സൈനികർ രാജീവ് ഗാന്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയിരുന്നു. ബോഫേഴ്‌സ് തോക്കുകള്‍ കൈയിലേന്തിക്കൊണ്ടായിരുന്നു അന്ന് ജവാന്മാര്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം മുഴക്കിയത്. ഇന്ന് നമ്മുടെ ഐ.ടി കമ്പനികള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ടെങ്കില്‍ അതുപോലെ ടെലകോം വകുപ്പിന്‍റെ നേട്ടങ്ങള്‍, രാജ്യത്തെ റെയില്‍ ഗതാഗതം ഇതെല്ലാം ഇന്നത്തെ രൂപത്തില്‍ നമുക്ക് ലഭ്യമാകുന്നുണ്ടെങ്കില്‍ അതെല്ലാം രാജീവ് ഗാന്ധിയെന്ന വ്യക്തി രൂപപ്പെടുത്തിയ നയങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച രാജീവ് ഗാന്ധിയെപ്പോലൊരാളെക്കുറിച്ച് തികച്ചും അസത്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയതിലൂടെ മോദി പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് തന്നെ ഇല്ലാതാക്കിയിരിക്കുന്നെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.