2019 ബിജെപിക്ക് ശുഭകരമാകില്ല

Jaihind Webdesk
Wednesday, December 12, 2018

ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് അധികാരമുറപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്‌സഭാ സീറ്റുകള്‍. ഇതില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച 27 ലോക്‌സഭാസീറ്റില്‍ 13 എണ്ണം നഷ്ടപ്പെടും.
തൊഴിലില്ലായ്മ, വികസന മുരടിപ്പ്, ആള്‍ക്കൂട്ട ആക്രമണം, വിലക്കയറ്റം, എസ്.സിഎസ്.ടി ആക്ട്, റാഫാല്‍ ഇടപാട് എന്നിവ ബിജെപിയുടെ പരാജയത്തിന് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍.

കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് പതിമൂന്നിലേക്ക് ഉയരും. രാജസ്ഥാനിലാണെങ്കില്‍ കഴിഞ്ഞതവണ ഇരുപത്തഞ്ച് സീറ്റും നേടിയ ബിജെപിക്ക് ഇപ്പോള്‍ ലീഡുള്ളത് പതിനൊന്നില്‍ മാത്രം. കോണ്‍ഗ്രസിന്റെ നേട്ടം 14. ഛത്തീസ്ഗഢിലെ 11 സീറ്റില്‍ കഴിഞ്ഞതവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയില്‍ ഒരുസീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് മുന്നിലെത്തിയത് എട്ട് സീറ്റില്‍. അതായത് മൂന്ന് സംസ്ഥാനങ്ങളില്‍.

കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാ തിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മുന്‍കൈയില്‍ മിക്ക പ്രാദേശികശക്തികളും ഇതിനകം ബിജെപി വിരുദ്ധചേരിയില്‍ എത്തിക്കഴിഞ്ഞു.

ബിഎസ്പിയും ബിജു ജനതാദളുമാണ് പുറത്തുനില്‍ക്കുന്ന പ്രധാനികള്‍. ഇവരേയും മറ്റ് ബിജെപി ഇതരകക്ഷികളേയും ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നിയമസഭാതിരഞ്ഞെടുപ്പുഫലം കരുത്തുപകരും. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്.[yop_poll id=2]