രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയുടെ അണിയറ ശില്‍പിക്ക് നൊബേല്‍ പുരസ്കാരം

Jaihind Webdesk
Monday, October 14, 2019

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വിഭാവനം ചെയ്തവരില്‍ പ്രമുഖന്‍. അഭിജിത് ബാനർജിയുടെ ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍  ക്രെമര്‍ എന്നിവരും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരും പുരസ്‌കാരത്തിന് അർഹരായത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ഇന്ത്യന്‍ ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുന്നതിനായി കോണ്‍ഗ്രസ് വിഭാവനം ചെയ്ത് ന്യായ് പദ്ധതി വിഭാവനം ചെയ്തവരില്‍ ഒരാളാണ് അഭിജിത് ബാനര്‍ജി. ന്യായ് പദ്ധതിയുടെ രൂപീകരണത്തിന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സഹായിച്ചവരില്‍ പ്രമുഖരാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ തോമസ് പിക്കെറ്റിയും പ്രൊഫ. അഭിജിത് ബാനര്‍ജിയും.

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്ന കോണ്‍ഗ്രസ് വിഭാവനം ചെയ്ത ന്യായ് പദ്ധതി. പ്രതിമാസം 2,500 രൂപ എന്ന നിരക്കിലാണ് അഭിജിത്തും സംഘവും പദ്ധതിയുടെ രൂപരേഖ തയാറാക്കിയതെങ്കിലും കോണ്‍ഗ്രസ് അത് 6000 ആയി ഉയർത്തുകയായിരുന്നു.

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനർജി  നിലവില്‍ അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1988 ല്‍ അദ്ദേഹം പി.എച്ച്.ഡി നേടി. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാല് പ്രധാന പുസ്തകങ്ങള്‍ അഭിജിത് എഴുതിയിട്ടിട്ടുണ്ട്. ‘പുവര്‍ ഇക്കണോമിക്‌സ്’ എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ് ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.