പ്രിയങ്ക തരംഗം കോണ്‍ഗ്രസിന്‍റെ ‘ശക്തി’യിലും; ശക്തി ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധന

Jaihind Webdesk
Saturday, March 30, 2019

കോൺഗ്രസ് നേതൃനിരയിലേക്ക് പ്രിയങ്ക കടന്നു വന്നത് പാർട്ടിയ്ക്ക് ശക്തിപകർന്നിട്ടുണ്ടെന്ന് കോൺഗ്രസ്. പ്രവർത്തകരുമായി സംവദിക്കാനുള്ള കോൺഗ്രസിന്‍റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രിയങ്ക വന്ന ശേഷം 20 ശതമാനം കൂടിയെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദമാക്കുന്നത്.

ജനുവരി 23 നാണ് പടിഞ്ഞാറൻ ഉത്തർ പ്രദേശിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. ഇതിനോടകം രണ്ടു റാലികളിൽ പങ്കെടുത്തു. പ്രയാഗ് രാജ് മുതൽ വാരാണസിവരെ ഗംഗയിലൂടെ ബോട്ടുയാത്ര. പിന്നാലെ സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ തുടങ്ങി അയോധ്യയിലവസാനിച്ച റോഡ് ഷോ. പ്രവർത്തകരും നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുമായി പ്രിയങ്ക സജീവമാണ്. പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഉണർവ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രവർത്തകരുമായി സംവദിക്കാൻ തയാറാക്കിയ ശക്തി ആപ്പിന്‍റെ വളർച്ച. ജനുവരിയ്ക്ക് ശേഷം ശക്തി ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 20 ശതമാനം കൂടി. 55 ലക്ഷത്തിൽ നിന്ന് 66 ലക്ഷമായാണ് വർദ്ധന. ശക്തി ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ഇരട്ടിയായി. 22 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് വളർച്ച. ലക്‌നൗവിൽ ചുമതലയേൽക്കാനെത്തുന്നതിന് തൊട്ടുമുമ്പ് പിന്തുണ തേടി പ്രിയങ്ക ശക്തി ആപ്പുവഴി ശബ്ധസന്ദേശമയച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് കിട്ടിയത്. മികച്ച പ്രതികരണമാണ് കിട്ടുന്നതെന്ന് കോൺഗ്രസിൻറെ ഡാറ്റാ അനലിറ്റിക്കൽ വിഭാഗം തലവൻ പ്രവീൺ ചക്രവർത്തി പറയുന്നു. ശക്തി ആപ്പിലെ ഈ ചലനം ഉത്തർ പ്രദേശിലെ വോട്ടർമാർക്കിടയിലുണ്ടോ എന്നാണ് ഇനിയറിയേണ്ടത്.[yop_poll id=2]