സംഘർഷാവസ്ഥ നിലനിൽക്കുന്ന മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

Jaihind News Bureau
Thursday, December 19, 2019

സംഘർഷാവസ്ഥ നിലനിൽക്കുന്ന മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ബന്തറിനടുത്ത് ബെംങ്ക്രയിലെ നൗഷീൻ, കന്തക്കിലെ ജലീൽ കുദ്രോളി എന്നിവരാണ് കൊല്ലപ്പെട്ടത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ച മുതൽ മംഗളൂരുവിലും പരിസരപ്രദേശങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തത് വൈകുന്നേരത്തോടെ ബന്തറിനടുത്ത് ഉണ്ടായ വെടിവെപ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.

പൗരത്വഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്രകടനം അക്രമാസക്തമായതോടെ പൊലീസ് ലാത്തിചാർജും ടിയർ ഗ്യാസും പ്രയോഗിച്ചിരുന്നു. വ്യാഴാഴ്ച മുതൽ നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ വകവെക്കാതെയായിരുന്നു പ്രതിഷേധം നടന്നത്. പ്രകടനക്കാതെ പൊലീസ് വിരട്ടിയോടിച്ചെങ്കിലും വൈകുന്നേരം നാലരമണിയോടെ ബന്തർ ഭാഗത്ത് പൊലീസിനെതിരെ കല്ലേറും അക്രമവും ഉണ്ടാവുകയായിരുന്നു. സ്ഥിതി കൂടുതൽ വഷളായതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പറയുന്നത് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമ സംഭവങ്ങളെ തുടർന്ന് മംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബന്തർ, പാണ്ഡേശ്വര, ഹംമ്പൻകട്ട, മംഗളൂരു സെൻട്രൽ, ബർക്കെ, ഉർവ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ ദിവസം കർഫ്യൂ പ്രഖ്യാപിച്ചത്. എന്നാൽ സംഘർഷം കണക്കിലെടുത്ത് ഞായറാഴ്ച്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് മംഗളൂരുവിലെ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. സംഘർഷം പടരാതിരിക്കാൻ കൂടുതൽ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്.