നോട്ട് നിരോധനത്തിന് രണ്ടാണ്ട്; ദുരിതം ഒഴിയാതെ രാജ്യം

Jaihind Webdesk
Thursday, November 8, 2018

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അധ്യായം തുന്നിച്ചേർത്ത നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ്. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ അസാധുവാക്കിയ നടപടി പരാജയമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുമ്പോൾ നഷ്ടമായ വിലപ്പെട്ട ജീവനുകള്‍ക്കും, ജനങ്ങൾ അനുവഭിച്ച ബുദ്ധിമുട്ടിനും, സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിനും കേന്ദ്ര സർക്കാരിന് ഇന്നും ഉത്തരമില്ല.

നവംബർ എട്ടിന് രാത്രി എട്ട് പതിനഞ്ചിനാണ് രാജ്യത്തെ മുൾമുനയിൽ നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്ത് തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്‍റേയും, കള്ളപ്പണത്തിന്‍റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നുമായിരുന്നു പ്രഖ്യാപനങ്ങൾ. ഇതൊന്നും നടപ്പിലായില്ല. തനിക്ക് 50 ദിവസങ്ങൾ തന്നാൽ ബുദ്ധിമുട്ട് പരിഹരിക്കാമെന്ന് പറഞ്ഞ മോദി പിന്നീട് മലക്കം മറിഞ്ഞു. പിന്നീട് രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് നോട്ടു നിമരാധനം കൊണ്ടു വന്നത് എന്ന തരത്തിലായി പ്രചരണം. ഇതേ തുടർന്ന് ജനങ്ങളും പ്രതിപക്ഷവും ഉയർത്തിയ പല ചോദ്യങ്ങൾക്കും സർക്കാരിന് ഉത്തരം മുട്ടി. നിരോധനങ്ങളിൽ വലഞ്ഞ് പൊതുജനം നട്ടം തിരിഞ്ഞപ്പോൾ ആശുപത്രികളിലും ബാങ്കുകൾക്ക് മുന്നിലെ നീണ്ട നിരകളിലും പെട്ട് ആയിരത്തിൽപരം പേരുടെ ജീവൻ നഷ്ടമായി.

രണ്ട് വർഷം മുമ്പ് നടപ്പാക്കിയ നോട്ട് നിരോധനം പൂർണ പരാജയമാണെന്ന് റിസർവ് ബാങ്ക് 2018ലെ വാർഷിക റിപ്പോർട്ടിൽ സമ്മതിച്ചു കഴിഞ്ഞു. ആകെ 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് സർക്കാർ നിരോധനത്തിലൂടെ ഇല്ലാതാക്കിയത്. ഇതിൽ 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകൾ ബാങ്കിലേക്ക് തിരിച്ചെത്തിയെന്നും വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ 1,000 രൂപ നോട്ടുകൾ ഏറെക്കുറെ പൂർണമായും തിരിച്ചെത്തിയെന്നും ഇതോടൊപ്പം കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതോടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുകയെന്ന കേന്ദ്ര വാദവും പൊളിഞ്ഞു.

നിരോധിച്ചവയ്ക്ക് പകരം പുതിയ 2000, 500 രൂപ നോട്ടുകൾ അച്ചടിക്കാൻ മാത്രം 8,000 കോടി രൂപ ചെലവഴിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ പുതിയ നോട്ടുകളുടെ അതേ രൂപത്തിലുള്ള കള്ളനോട്ടുകളും വിപണിയിലെത്തി. പിൻവലിച്ച നോട്ടുകൾ നശിപ്പിച്ചതിന് എത്ര ചിലവുണ്ടായി എന്ന കണക്ക് പുറത്തു വിടാൻ റിസർവ് ബാങ്ക് ഇനിയും തയാറായിട്ടില്ല.

ഇന്ത്യയിലെ ജനങ്ങളെ ഒന്നാകെ വിഡ്ഡികളാക്കിയ മോദിയുടെ നോട്ട് നിരോധന നടപടി 730 ദിനങ്ങൾ പിന്നീടുമ്പോഴും നിരോധനത്തിന്‍റെ യഥാർഥ കാരണങ്ങൾ ഇന്നും അജ്ഞാതമാണ്.