തമിഴ്നാട് : ഒരു നാടിന്‍റെ പ്രാര്‍ത്ഥനയും ശ്രമങ്ങളും വിഫലമായി… തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ മണപ്പാറയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ മരിച്ചു. പുറത്തെടുത്ത മൃതദേഹം മണപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹമുള്ളത്. സമാന്തരമായി കുഴിയെടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനവും വിഫലമായിരുന്നു.
ഇരു കൈകളും ഉയർത്തി കുഴൽക്കിണറിൽ ആ ബാലൻ രക്ഷകാത്തുകിടന്നത് 4 ദിവസം… ദീപാവലി ആഘോഷം മറന്ന് ഒരു നാടും, നൊന്ത് പെറ്റ മകനുവേണ്ടി അമ്മയും നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായി. ഒടുവിൽ സുജിത് യാത്ര പറഞ്ഞു. കുഴൽക്കിണറിൽ അവൻ അവസാന നിമിഷം വരെ തന്‍റെ അമ്മയെ കാണാൻ ആഗ്രഹിച്ചിട്ടുണ്ടാവാം… അമ്മയുടെ കണ്ണുവെട്ടിച്ച് കളിക്കാൻ പോയതിന് ക്ഷമ പറയാനും, പുറത്ത് വന്നാൽ ഇനി ഒരിക്കലും അമ്മയെ വിട്ട് പോകില്ലെന്ന് പറയാനും ആ ബാലന് ഒരു അവസരം ലഭിച്ചില്ല… മകനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന മാതാപിതാക്കള്‍ക്കാകട്ടെ കാണാനായത് കുട്ടിയുടെ ചേതനയറ്റ ശരീരവും.
https://youtu.be/xZZs40DnYdc
തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൈകിട്ട് 5.40നാണ് മുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി സമീപത്തെ മൂടിയില്ലാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്ക് പതിക്കുകയായിരുന്നു. കുഴൽ കിണറിന്‍റെ ആഴം 600 അടിയാണ്.
ശനിയാഴ്ച രാത്രിയോടെ സമാന്തര തുരങ്കം നിർമിച്ചു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പക്ഷെ അപ്പോഴേക്കും കുട്ടിയുടെ പ്രതികരണം നിലച്ചു. രാത്രി 2 മണിയോടെ അരിയാലൂരിൽ നിന്നു റിഗ് മെഷീൻ എത്തിച്ചു. 20 അടി താഴ്ചയെത്തിയപ്പോഴേക്കും കാഠിന്യമേറിയ പാറയായി. 35 അടി വരെയെത്തിയപ്പോൾ പാറ കടുത്തതോടെ സമയം വൈകുന്നത് ഒഴിവാക്കാൻ 3 ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷീൻ എത്തിച്ചു. പക്ഷെ കിണറിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചത് കാര്യങ്ങൾ കൈവിട്ട് പോവുന്നതിന്‍റെ സൂചനയായി. പ്രതികൂല കാലാവസ്ഥയും, യന്ത്രത്തകരാറും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സമാന്തര തുരങ്ക നിർമ്മാണം നിർത്തിവെച്ചതായി റവന്യു സെക്രട്ടറിയുടെ അറിയിപ്പ് വന്നത്തോടെ പ്രതീക്ഷ അവസാനിച്ചു. ഒടുവില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലമാക്കി, ഒരു ജനതയെ കണ്ണീരിലാഴ്ത്തി സുർജിത് യാത്രയായി…
വേദനയായി ഈ ചിത്രം… രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുഞ്ഞിനെ എടുക്കാന്‍ തുണിസഞ്ചി ആവശ്യപ്പെട്ടപ്പോള്‍ ഓടിപ്പോയി സഞ്ചി തുന്നുന്ന സുർജിത്തിന്‍റെ അമ്മ.