തിരുവനന്തപുരം: പിണറായി സർക്കാരിലെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസയം ചടങ്ങിനിടെ അടുത്തടുത്ത സീറ്റുകളിലായിട്ടും ഗവർണറും മുഖ്യമന്ത്രിയും മിണ്ടുകയോ മുഖത്തോടു മുഖം നോക്കുകയോ ചെയ്തില്ല.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വേദിയിലേക്ക് എത്തിയെങ്കിലും മുഖ്യമന്ത്രിയും ഗവർണറും മുഖത്തു നോക്കിയില്ല. അടുത്തടുത്ത സീറ്റുകളിലായിട്ടും ആശയവിനിമയം നടത്തുകയോ ഹസ്തദാനം നടത്തുകയോ ചെയ്തില്ല. ചടങ്ങുകൾ നടക്കുന്നതിനിടയിലും ഇരുവരും പരസ്പരം നോക്കിയില്ല. ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തേക്കു നോക്കാതെ ഗവർണർ മടങ്ങുകയും ചെയ്തു. രാജ്ഭവനിലൊരുക്കിയ ചായ സത്ക്കാരത്തിൽ മുഖ്യമന്ത്രിയും ഭൂരിഭാഗം മന്ത്രിമാരും പങ്കെടുത്തില്ല. പുതിയ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും മാത്രമാണ് രാജ്ഭവനിലെ ചായസത്‌കാരത്തിൽ പങ്കെടുത്തത്.
ഗതാഗത വകുപ്പിന് പുറമേ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വകുപ്പ് കൂടി തനിക്ക് വേണമെന്ന ഗണേഷ് കുമാറിന്‍റെ ആവശ്യത്തെ നിരാകരിച്ചു കൊണ്ടാണ് സിപിഎം ഗണേഷിനെ പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഗണേഷ് ഈ ആവശ്യം മുന്നോട്ടുവച്ചതോടെ നിലവിൽ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സജി ചെറിയാൻ ശക്തമായ വിയോജിപ്പ് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നു രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ഗണേഷിന്‍റെ ആവശ്യം തള്ളിക്കൊണ്ട് ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമാ മേഖലയിലെ സമീപ കാല വിവാദങ്ങളിൽ സ്വീകരിച്ച പക്ഷപാതപരമായ നിലപാടും ഗണേഷിന് തിരിച്ചടിയായി.
കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിനെതിരെ ഇടതു മുന്നണിക്കുള്ളിൽപ്പോലും കനത്ത വിയോജിപ്പ് നിലനിൽക്കുന്നതിനിടയിലാണ് ഗണേഷ് പിണറായി മന്ത്രിസഭയിൽ എത്തിയത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് മാണി വിഭാഗം കനത്ത വിയോജിപ്പാണ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. സോളാർ ഗൂഢാലോചന കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷവും ശക്തമായ പ്രതിഷേധവും വിമർശനവുമാണ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്ത അഭിനവ യൂദാസ് ആണ് കെ.ബി. ഗണേഷ് കുമാർ എന്നാരോപിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തി. വരും ദിവസങ്ങളിലും ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരാനാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. മന്ത്രിസ്ഥാനം രാജി വെച്ച അഹമ്മദ് ദേവർകോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് കൂടി വി.എന്‍. വാസവന് നല്‍കി.