ശക്തമായ മഴ; പാരിപ്പള്ളിക്ക് സമീപം കെട്ടിടത്തിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു രണ്ട് പേർ മരിച്ചു

Jaihind News Bureau
Friday, September 6, 2019

കൊല്ലം പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് ആന പാപ്പാന്മാർ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ശക്തമായ മഴയെ തുടർന്ന് ഇവർ താമസ്സിച്ചിരുന്ന കെട്ടിടത്തിന് സമീപത്തെ ഉയർന്ന പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണും കല്ലും ഇടിഞ്ഞു വിഴുകയായിരുന്നു. ആന പാപ്പാൻമാരായ കല്ലുവാതുക്കൽ ഇടിയംവിള സ്വദേശി രഞ്ജിത്ത് ഭരതന്നൂർ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. ഏറെ ശ്രമഫലമായി മണ്ണിനടിയിൽ നിന്നും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു . ഇവർക്കൊപ്പം ഉണ്ടായിരുന്ന കിളിമാനൂർ സ്വദേശി വിഷ്ണു കല്ലറ സ്വദേശി സുധി എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരാണ് അപകട സമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്നത് . ഒരാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും പോലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് .