കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ മരിച്ചു; നിരവധി കുടുങ്ങിക്കിടക്കുന്നു

കര്‍ണാടകയിലെ ധാര്‍വാഡ് മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. നിര്‍മാണത്തൊഴിലാളികളടക്കം അറുപതിലേറെ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 5 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.  ബംഗലൂരുവില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ കുമരേശ്വര്‍ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രണ്ട് വര്‍ഷത്തോളമായി കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം നിലയിലെ പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.

അതേസമയം, കെട്ടിടത്തിന്‍റെ ആദ്യ രണ്ട് നിലകളിലായി 60ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും അപകടം നടക്കുമ്പോള്‍ വിവിധ കടകളിലും പരിസരങ്ങളിലുമായി നൂറോളം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചതായും മികച്ച രക്ഷാ പ്രവര്‍ത്തകരെയും മറ്റും പ്രത്യേക വിമാനത്തില്‍ സ്ഥലത്തെത്തിക്കാനും വേണ്ടതൊക്കെ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.

Comments (0)
Add Comment