എസ്ബിഐ ആക്രമണക്കേസിൽ രണ്ട് പേര്‍ റിമാന്‍റില്‍; റിമാന്‍റ് 24 വരെ

തിരുവനന്തപുരം എസ്ബിഐ ആക്രമണക്കേസിൽ രണ്ട് പേര്‍ റിമാന്‍റില്‍. ഇന്ന് പിടിയിലായ എൻജിഒ യൂണിയൻ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് 24 വരെ റിമാന്‍റ് ചെയ്തത്. അതേസമയം, പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടും കൂടുതൽ അറസ്റ്റിന് മുതിരാത്ത പോലീസ് നടപടിയിൽ പ്രതിഷേധം വ്യാപകമാണ്.

ഇന്നലെയാണ് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം ഉണ്ടായത്. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംയുക്ത സമര സമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി.

തുടർന്ന് മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്ന് ബാങ്ക് മാനേജർ വ്യക്തമാക്കി.

trivandrumsbiAttack
Comments (0)
Add Comment