ഹിമാചല്‍പ്രദേശ്: അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുളു ജില്ലയിലെ ബി.ജെ.പി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരും യുവതിയുമൊത്തുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 12.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്വന്തമായി ചിത്രീകരിച്ചതാണ്.
യുവതി യുവമോര്‍ച്ച പ്രവര്‍ത്തകന് വാട്സ്ആപ്പില്‍ അയച്ച വീഡിയോ ഇയാളുടെ ഭാര്യ കണ്ടതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് തന്‍റെ ഭർത്താവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഈ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഹിമാചല്‍ പ്രദേശ് ബി.ജെ.പി വൈസ് പ്രസിഡന്‍റ് ഗണേഷ് ദത്ത് പറഞ്ഞു.
വീഡിയോയിലെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി കുളു എസ്.പി ഗൌരവ് സിംഗ് അറിയിച്ചു. അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ സെക്ഷന്‍ 67, 67 A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.