വയനാട്ടില്‍ വാക്സിന്‍ മാറി നല്‍കി : കൊവാക്സിന്‍ എടുത്തയാള്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കിയത് കൊവിഷീല്‍ഡ്

Jaihind Webdesk
Tuesday, July 27, 2021

വയനാട്: മാനന്തവാടിയില്‍ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ മാറി നൽകി. കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച വൃദ്ധന്  രണ്ടാം ഡോസ് നല്‍കിയത് കൊവിഷീല്‍ഡ് . ഇതിന് പുറമേ ഒന്നാം ഡോസ് വാക്സിനെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതായും പരാതി. മാനന്തവാടി കണിയാരം തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്.

ജൂൺ10ന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്ന് മത്തായി കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു. പിന്നീട് രണ്ടാം ഡോസ് സ്വീകരിക്കാൻ ജൂലായ് 23ന് കണിയാരം പളളിയിൽ വച്ച് നടന്ന ക്യാമ്പിൽ എത്തി. എന്നാൽ ഇവിടെ വച്ച് മത്തായിക്ക് കൊവിഷീൽഡാണ് കുത്തിവച്ചത്.

തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്‌തപ്പോൾ ഒന്നാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചതായാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ബന്ധുക്കൾ ഇക്കാര്യത്തിൽ പരാതിപ്പെട്ടത്. പരാതി പരിശോധിക്കുമെന്നും ശേഷം വേണ്ട നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.