അയോധ്യരാമക്ഷേത്രം : ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആര്‍എസ്‌എസ്

Jaihind Webdesk
Friday, November 2, 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആര്‍എസ്‌എസ്. ഒരു ഇടവേളയ്ക്കു ശേഷമാണ് രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്‌എസ് വീണ്ടും നിലപാട് കടുപ്പിച്ചത്.

ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറത്തിറക്കണം. അല്ലെങ്കില്‍, വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്‍എസ്‌എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.1992 ഡിസംബര്‍ 6നാണ് കര്‍സേവകര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം നടത്തി ബാബറി മസ്ജിദ് തകര്‍ത്തത്.

അതേസമയം ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുരേഷ് ഭയ്യാജി ജോഷിയുടെ നിലപാട്.

ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നല്‍കാത്തതില്‍ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു. രാമക്ഷേത്ര വിഷയത്തില്‍ നീതിപീഠം പ്രത്യേക പരിഗണന നല്‍കണമെന്ന് ഭയ്യാജിജോഷി ആവശ്യപ്പെട്ടു. ഇന്ന് ബിജെപി അധ്യക്ഷൻ അമിത്ഷായും ‘ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ആർ എസ് എസ് നിലപാട് വ്യക്തമാക്കിയത്.