ഉള്ളുലഞ്ഞ് നാട്; 185 മരണം സ്ഥിരീകരിച്ചു, 225 പേരെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 185 ആയി. 225 പേരെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. മണ്ണും പാറയും കോണ്‍ഗ്രീറ്റ് പാളികളും മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്.നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. 10 മൃതദേഹങ്ങൾ ആണ് ആദ്യം കൊണ്ടുപോയത്. 10 ആംബുലൻസുകൾ വീതമുള്ള ബാച്ചുകളായി മൃതദേഹങ്ങൾ മുഴുവൻ മേപ്പാടിയിലെത്തിക്കും. ബന്ധുക്കൾക്ക് തിരിച്ചറിയാനും മറ്റുമുള്ള സൗകര്യങ്ങൾ അവിടെയൊരുക്കും.

മഴക്ക് ശമനം വന്നതോടെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്.

Comments (0)
Add Comment