വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച് നശിച്ചു ; ഒടുവില്‍ ചാക്ക് കണക്കിന് അരി കുഴിയെടുത്ത് മൂടി

Jaihind Webdesk
Monday, August 2, 2021

കോഴിക്കോട്: 2018ലെ പ്രളയ കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരിയില്‍ ഭൂരിഭാഗവും പുഴുവരിച്ച് നശിച്ചതോടെ കുഴിച്ചു മൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരിയാണ് പുഴുവരിച്ച് നശിച്ചതോടെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് മൂടിയത്. സിവില്‍ സപ്ലൈസ് വകുപ്പ് തിരിച്ചെടുത്തതില്‍ ബാക്കി വന്ന അരിയാണ് നശിച്ചതെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.

പഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അരി എത്തിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയതോടെ അരി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഈ അരി സിവില്‍ സപ്ലൈസ് വകുപ്പിനോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അന്നത്തെ ഭരണ സമിതി അംഗങ്ങളുടെ വിശദീകരണം.

എന്നാല്‍ കുഷ്ടരോഗാശുപത്രിയിലേക്കും ഒരു അനാഥാലയത്തിനും വീതിച്ച് നല്‍കാനായിരുന്നു കിട്ടിയ നിര്‍ദ്ദേശം. നിര്‍ദ്ദേശമനുസിരിച്ച് വിതരണം ചെയ്തിട്ടും 18 ചാക്ക് ബാക്കി വന്നു. അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. എന്നാല്‍ കാലിത്തീറ്റ നിര്‍മാണത്തിന് പോലും ഉപയോഗിക്കാനാവാത്ത സ്ഥിതിയില്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണ സമിതി ചേര്‍ന്ന് അരി കുഴിച്ച് മൂടാന്‍ തീരുമാനമെടുത്തത്.