കൊച്ചിയിൽ എടിഎം സുരക്ഷാ ജീവനക്കാരിൽനിന്ന് 18 തോക്കുകൾ കണ്ടെടുത്തു; സംസ്ഥാന വ്യാപക പരിശോധന

കൊച്ചി : തിരുവനന്തപുരത്ത് കശ്മീർ സ്വദേശികളില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ പിടികൂടിയതിന് പിന്നാലെ പരിശോധന ശക്തമാക്കി പൊലീസ്. കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ എടിഎം സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകള്‍ കണ്ടെടുത്തു.

തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്നത് പരിശോധിച്ചുവരുന്നതായി കളമശേരി പൊലീസ് അറിയിച്ചു. ലൈസൻസ് ഇല്ലെങ്കിലോ വ്യാജ ലൈസൻസാണെങ്കിലോ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കളമശേരി പൊലീസ് മുംബൈയിൽ നിന്നുള്ള സുരക്ഷാ ഏജൻസിയുടെ ഇടപ്പള്ളി ടോളിനടുത്തുള്ള ഉണിച്ചിറയിലും പത്തടിപ്പാലത്തുമുള്ള ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെടുത്തത്. തോക്ക് പിടികൂടിയത് സംബന്ധിച്ച് എഡിഎമ്മിന് റിപ്പോർട്ട് നൽകി.

തിരുവനന്തപുരത്ത് കശ്മീർ സ്വദേശികളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ കർശന പരിശോധനയ്ക്ക് ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് വ്യാജ ലൈസൻസും തിരകളുമായി അഞ്ചുപേർ പിടിയിലായത്. എടിഎമ്മിൽ പണം നിറയ്ക്കുന്നവർക്ക് സുരക്ഷയൊരുക്കുന്നതിന് മഹാരാഷ്ട്രയിലെ കമ്പനി പരസ്യം നൽകിയതു പ്രകാരം വ്യാജ ലൈസൻസ് സംഘടിപ്പിച്ച് ജോലിക്കെത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

 

*പ്രതീകാത്മക ചിത്രം
Comments (0)
Add Comment