വയനാട് ഉരുള്‍പൊട്ടലില്‍ മരണം 162 ആയി; 86 പേരെ കണ്ടെത്താനായില്ല, തിരച്ചില്‍ പുരോഗമിക്കുന്നു

 

വയനാട്: ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്. ഇതുവരെ 162 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 86 പേരെ കണ്ടെത്താനായിട്ടില്ല. വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്‍റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീട്, റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. സൈന്യത്തിന്‍റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.

കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി ഉത്തരവിറക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ചൂരൽമല, മുണ്ടക്കൈ ഭാ​ഗത്ത് സൈന്യത്തിന്‍റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 86 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്‍റെ ഔദ്യോ​ഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

Comments (0)
Add Comment