കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. 22 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് 1,500 കോടി രൂപ ഛത്തീസ്ഗഡ് സര്‍ക്കാർ കൈമാറി. രാജീവ് ഗാന്ധി കിസാന്‍ യോജന പ്രകാരമുള്ള സബ്സിഡിയുടെ ആദ്യ ഗഡുവാണ് കൈമാറിയത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കാർഷിക നിയമത്തിനെതിരായ സമരങ്ങൾ രാജ്യത്ത് ഇപ്പോഴും തുടരുമ്പോഴാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മാതൃകാപരമായ നീക്കം. സംസ്ഥാനത്തെ വിള ഉല്പാദനക്ഷമത പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയ് 21ന് രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 5,628 കോടി രൂപ കാര്‍ഷിക സബ്സിഡി 22 ലക്ഷത്തോളം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. നാല് ഗഡുക്കളായാണ് ഈ തുക കൈമാറുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 1500 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 72,000 ഗ്രാമീണർക്ക് കന്നുകാലികളെ വാങ്ങാനായി 7.17 കോടി രൂപയും അനുവദിച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് 10 കോടി രൂപയും സബ്സിഡിയായി അനുവദിച്ചു. ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.