അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെപിസിസി അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ

കണ്ണൂര്‍: കെ പി പി സി സി പ്രസിഡന്‍റ്  കെ.സുധാകരനെതിരെ പരാതി നല്‍കിയ പ്രശാന്ത് ബാബു 15 ലക്ഷം തട്ടിയെടുത്തെന്ന് പരാതി. മകള്‍ക്ക് അധ്യാപക ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് കണ്ണൂര്‍ സ്വദേശിനി സത്യവതി വെളിപ്പെടുത്തി. പണം നല്‍കിയത് 2018 ല്‍, പ്രശാന്ത് ബാബുവിനോട് പണം തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ അയക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും സത്യവതി പറഞ്ഞു.
മൊറാഴ സ്‌കൂളില്‍ ഒരു വേക്കന്‍സിക്കായി 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കി. പ്രശാന്ത് ബാബു തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞും ജോലി ലഭിക്കാതെ വന്നപ്പോള്‍ സ്‌കൂളില്‍ അന്വേഷിച്ചു. എന്നാല്‍ മാനേജര്‍ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ആള്‍ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതി പറയുന്നു.

വഞ്ചന മനസിലായപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തി. പണം തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തിയെന്നും റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ടായ ഇവര്‍ പറഞ്ഞു. കെ.സുധാകരനെതിരായ വിജിലന്‍സ് കേസിലെ പരാതിക്കാരനാണ് പ്രശാന്ത് ബാബു.

Comments (0)
Add Comment