സിഗ്നല്‍ തെറ്റിച്ചെത്തി ഇടിച്ചുകയറി; ഡാർജിലിംഗ് ട്രെയിന്‍ അപകടത്തില്‍ മരണം 15 ആയി, 60 പേർക്ക് പരിക്ക്

 

കൊല്‍ക്കത്ത:പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. 60 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പൂർത്തിയായെന്ന് റെയിൽവെ അറിയിച്ചു.  റെയിൽവേ മന്ത്രാലയത്തിന്‍റെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ആരോപിച്ചു. അശ്വിനി വൈഷ്ണവ് മന്ത്രിയായിരിക്കെയാണ് ഏറ്റവും കൂടുതൽ ട്രെയിൻ അപകടങ്ങൾ നടന്നതെന്നും മന്ത്രി രാജി വെക്കാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയാറാകില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചതായാണ് വിവരം. ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടര ലക്ഷവും നിസാര പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും പ്രഖ്യാപിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പരിക്കേറ്റവർ നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്. പശ്ചിമബം​ഗാൾ സർക്കാറും റെയിൽവേയും പ്രത്യേകം കണ്‍ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഇന്ന് രാവിലെ 9.30 ഓടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ഡാർജിലിംഗ് ജില്ലയിലെ രം​ഗാപാനിക്ക് സമീപമാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ന്യൂ ജയ്പാൽ​ഗുരി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ടുപോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന് പിന്നിലേക്ക് ​സി​ഗ്നൽ തെറ്റിച്ച് കുതിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻ ജം​ഗ എക്സ്പ്രസിന്‍റെ  നാലു ബോ​ഗികളും ഗുഡ്സ് ട്രെയിനിന്‍റെ അഞ്ചു ബോഗികളും തകർന്നു. തകർന്ന ബോ​ഗികൾക്കിടയിൽ നിരവധി പേർ കുടുങ്ങി. രക്ഷാ പ്രവർത്തനം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനെത്തി. ഉച്ചയോടെ കാഞ്ചൻ ജംഗ എക്സ്പ്രസ് അപകടത്തിൽ പെടാത്ത ബോഗികളുമായി യാത്ര പുനഃരാരംഭിച്ചു.

Comments (0)
Add Comment