ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ് റിപ്പോർട്ട് പത്തനംതിട്ട കളക്ടർ അംഗീകരിച്ചു . അടുത്ത 4 ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ.
ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെയും സ്‌പെഷ്യല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്.
ശബരിമല ഉള്‍പ്പെടെ നാലുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരണമെന്നാണ് പത്തനംതിട്ട എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. നേരത്തെ ഇതേ വിഷയത്തിൽ 144 തുടരേണ്ട സാഹചര്യം ഇല്ല എന്ന റിപ്പോർട്ടാണ് റാന്നി തഹസിൽദാർ ജില്ലാ കളക്ടർക്ക് നൽകിയത്.
നിരോധനാജ്ഞ പിന്‍വലിക്കണമെന്നത് പ്രതിപക്ഷത്തിന്‍റെ അടക്കമുള്ള ആവശ്യമായിരുന്നു. ഇതിനിടെയാണ് ഇത് നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിത്. ശബരിമലയിലുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ കാലാവധി രാത്രി അവസാനിക്കാനിരിക്കെയാണ് സർക്കാറിന്‍റെ ഈ നീക്കം.
നേരത്തെ ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏര്‍പ്പടുത്തിയിരുന്നത്. ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നീണ്ട കാലയളവിലേക്ക് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യമാണ് പോലീസ് നടത്തിയത്. പോലീസ് നിയന്ത്രണം ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പോലീസ് നിയന്ത്രണത്തെ തുടർന്ന് ശബരിമല ദർശനത്തിനുള്ള ഭക്തരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിരിക്കുകയുമാണ് .ദേവസ്വം ബോർഡിന്‍റെ വരുമാനത്തിൽ വരെ വലിയ ഇടിവാണ് ഇതിലൂടെ ഉണ്ടായിക്കുന്നത്. നിരവധി ഭക്തജനങ്ങളാണ് പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങേണ്ടി വന്നത്.