ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിൽ 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14,034 കർഷകർ. ബി.ജെ.പി സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ സമീപനം വ്യക്തമാക്കുന്നതാണ് വിവരാവകാശനിയമപ്രകാരം ലഭ്യമായ ഈ കണക്കുകള്‍.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മദഹാരാഷ്ട്രയില്‍ 5 വര്‍ഷത്തിനിടെ പതിനാലായിരത്തിലേറെ കര്‍ഷകരാണ് ജീവനൊടുക്കിയത്. കര്‍ഷകരുടെ പ്രശ്നത്തില്‍ ഫലപ്രദമായ ഇടപെടലുണ്ടായില്ലെന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം വ്യക്തമാക്കുന്നു. 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14,034 കർഷകരാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ സാക്ഷ്യപ്പെടുത്തുന്നു.
2017 ജൂണിൽ സംസ്ഥാന സർക്കാർ 34,000 കോടി രൂപയുടെ കാർഷിക കടാശ്വാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം 4,500 ലേറെ കർഷകരാണ് ജീവനൊടുക്കിയത്. അർഹരായ എല്ലാ കർഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കർഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിന് ശേഷമുളളതാണ്. കടാശ്വാസ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
2017 ജൂൺ മുതൽ 2017 ഡിസംബർ വരെയുളള കാലത്ത് 1,755 കർഷകരാണ് ജീവനൊടുക്കിയത്. 2018 ൽ 2,761 പേർ ആത്മഹത്യ ചെയ്തു. കടം എഴുതി തളളൽ പ്രഖ്യാപിച്ചതിന് ശേഷം 4,516 കര്‍ഷകരാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിൽ ഒരു ദിവസം എട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്.