സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്; ചികിത്സയിലുള്ളത് 266 പേർ

Jaihind News Bureau
Tuesday, April 7, 2020

സംസ്ഥാനത്ത് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേരിൽ ഒൻപത് പേർ കാസർകോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.. ഇതുവരെ സംസ്ഥാനത്ത് 327 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേർ ചികിത്സയിലുണ്ട്. അതേസമയം, രോഗ വ്യാപനം തടയാനുളള നടപടികൾ തുടരുമെന്നും കേരളത്തിൽ വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചു.

റാപ്പിഡ് ടെസ്റ്റിനായുളള കിറ്റുകൾ സംസ്ഥാനത്ത് എത്തും. ഇതിന് ധനസഹായം നൽകിയ ടിഎൻ പ്രതാപൻ എംപിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ആഴ്ചയിൽ ഒരു ദിവസം കംപ്യൂട്ടർ റിപ്പെയർ സെന്‍ററുകളും, മൊബൈല്‍ റീച്ചാർജ്ജ് കടകളും തുറക്കുന്ന കാര്യം ആലോചിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഹനങ്ങളുടെ വർക് ഷോപ്പുകളും തുറക്കുമെന്ന് പറഞ്ഞു.

തിരുവനന്തപുരം :

തലസ്ഥാന നഗരിയിൽ സുരക്ഷ കർശനം. ജില്ലയിൽ 205 പേർ കൂടി നിരീക്ഷണത്തിലായതോടെ പോലീസും പരിശോധന കർശനമാക്കി. അതേ സമയം തലസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ച 3 പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

കൊല്ലം:

കൊല്ലത്ത് പുതുതായി ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽ ആദ്യം രോഗബാധിതനായ പ്രാക്കുളം സ്വദേശിയായ പ്രവാസി രോഗമുക്തി നേടി. ഇദ്ദേഹം ആശുപത്രി വിട്ടു. അതേസമയം, ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവായ സ്ത്രീ ചികിത്സയിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചയാൾ നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത വെളിനല്ലൂർ മീയണ്ണ സ്വദേശിയായ 23 കാരാനാണ്.ഇയാളുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഫെബ്രുവരി 14 ന് സുഹൃത്തുക്കൾക്കൊപ്പം നിസാമുദ്ദീനിൽ പോയി. മാർച്ച് 23 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ഇയാൾ 24ന് മറ്റ് നാലുപേർക്കൊപ്പം തിരുവനന്തപുരത്തെ ഒരു വീട്ടിൽ പോയിരുന്നു. 25ന് ബൈക്കിൽ ഓയൂരിലെ ഭാര്യവീട്ടിലെത്തിയ ഇയാൾ ഈ മാസം ഒന്നാം തിയതി വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒന്നാം തീയതി കൊറോണ കെയർ സെന്‍ററിലേക്ക് മാറ്റി. രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം :

4 ദിവസമായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന്‍റെ ആശ്വാസത്തിലാണ് എറണാകുളം ജില്ല. അതിനിടെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന 65 കാരന്‍റെ മരണം ആശങ്കപരത്തി. ഇയാളുടെ സ്രവപരിശോധന ഫലം ലഭിക്കാനുണ്ട്.

ഞായറാഴ്ച്ച കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച എറണാകുളം സ്വദേശിയായ 65കാരൻ രാത്രിയോടെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഇയാളുടെ സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. ഇയാൾ വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. പരിശോധനാഫലം വന്ന ശേഷമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ.

എന്നാൽ വ്യാഴാഴ്ചക്ക് ശേഷം പോസിറ്റീവ് കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസം പകരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഹോട്ട് സ്പോട്ട് ജില്ലകളുടെ പട്ടികയിലുള്ള എറണാകുളത്ത് നിലവിൽ 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുൾപ്പടെ 25 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേർ രോഗം ഭേദമയതിനെ തുടർന്ന് ആശുപത്രി വിട്ടു. പുതിയതായി 42 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിലും, ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 707 ആയി. ഇന്നലെ 2 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

പാലക്കാട് :

രണ്ടു ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ലാത്ത ആശ്വാസത്തിലാണ് ജില്ല. കോവിഡ് ബാധ സംശയത്തിൽ 18427 പേർ നിരീക്ഷണത്തിൽ തുടരുന്നു. അതേസമയം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്.

കണ്ണൂർ :

പുതിയ കൊവിഡ് പോസറ്റീവ് കേസ് ഇല്ലാത്തതിന്‍റെ ആശ്വാസത്തിലാണ് ജില്ല. കോവിഡ് 19 ബാധ സംശയിച്ച് ജില്ലയില്‍ 10895 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഏതാനും മല്‍സ്യ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് .

42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും 16 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 31 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10794 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 638 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 555 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 501 എണ്ണം നെഗറ്റീവ് ആണ്. 83 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് ചികിത്സക്കായി ജില്ലയില്‍ 4 കേന്ദ്രങ്ങളിൽ 1000 കിടക്കളും, 60 വെന്റിലേറ്ററും സജ്ജമാക്കിട്ടുണ്ട്.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി എന്നിവടങ്ങളിലാണ് കൊവിഡ് 19 ചികിത്സക്ക് സംവിധാനം ഒരുക്കിയത്. ഇതിനുപുറമെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രമാക്കി നേരത്തെമാറ്റിയിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കി. ഇന്നലെ 230 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 240 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.171 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഏതാനും മല്‍സ്യ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഹാജി റോഡ്, എസ്എം റോഡ്, ആയിക്കര, അഴീക്കോട് നീര്‍ക്കടവ്, തലശ്ശേരി എന്നിവിടങ്ങളിലെ മല്‍സ്യ മാര്‍ക്കറ്റുകളിലാണ് കേരള പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക പോലും ചെയ്യാതെ ആളുകള്‍ തടിച്ചുകൂടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇവിടങ്ങളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതും വിലക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മരുന്നുകള്‍ വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന പോലിസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

കാസർകോട് :

ജില്ലയിൽ 9 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ 148 പേർ രോഗബാധിതരായി. ജീവൻ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും വാട്സപ്പ് ചെയ്താതാൽ പോലീസ് വീട്ടിലെത്തിക്കും. അനാവശ്യമായി ആരും ഇനി പുറത്തിറങ്ങേണ്ടതില്ലെന്നും സുരക്ഷ കർഷനമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

10844 പേർ നിരീക്ഷണത്തിൽ കഴിഞ്ഞ ദിവസം 16 പേരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 29 വയസ്സുള്ള മൊഗ്രാൽ പുത്തൂർ സ്വദേശിക്കും, 26, 43, 26 വയസ്സുള്ള ചെമ്മനാട് സ്വദേശികൾക്കും 31 വയസ്സുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശിക്കും കൂടാതെ ചെങ്കള സ്വദേശികളായ 31 വയസ്സുള്ള മൂന്നുപേർക്കും 30 വയസ്സുള്ള ഒരാൾക്കും ആണ്. 6 പുരുഷന്മാരും 3 സ്ത്രീകളും ആണാ രോഗബാധിതരായിട്ടുള്ളത്.

രോഗബാധിതർ കൂടി വരുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്തണങ്ങൾ കൊണ്ടുവരും. ഇന്നു മുതൽ ജില്ലയിൽ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും. ജീവൻ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും വാട്സപ്പ് ചെയ്താതാൽ മതി പോലീസ് വീട്ടിലെത്തിക്കും. 9497935780, 9497980940 എന്നീ നമ്പറുകളിൽ വാട്സപ്പ് അയക്കാം. സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി നല്‍കിയാൽ മാത്രം മതി.

ജില്ലയിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കുടി വരുന്ന സാഹചര്യത്തിലാണ് ഇത്തരം കർശന നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്. ഡോക്ടർ കുറിപ്പ് എന്ന പേരിൽ മാസങ്ങൾക്കും മുമ്പും വർഷങ്ങൾക്കു മുമ്പും ഉള്ള കുറിപ്പുകൾ എടുത്തും നഗരത്തിൽ കറങ്ങി നടക്കുന്നവരും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ അനാവശ്യമായി ഇറങ്ങുന്നവരെ നിയന്ത്രിക്കാനാണ് കർശന നിയന്ത്രണം കൊണ്ട് വരുന്നത്.

teevandi enkile ennodu para