ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് നീക്കം ചെയ്യണം : ബെന്നി ബഹനാൻ എംപി

Jaihind Webdesk
Monday, August 9, 2021

ന്യൂഡല്‍ഹി : ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  124 (എ ) വകുപ്പ് നീക്കം ചെയ്യണമെന്ന് ബെന്നി ബഹനാൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. സഭയുടെ ചട്ടം 377 പ്രകമാണ് എംപി വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 1870 യിൽ കൊളോണിയൽ സർക്കാർ കൊണ്ടുവന്ന  നിയമം മോദി സർക്കാർ വലിയ രീതിയിൽ  ദുരുപയോഗം ചെയ്യുകയാണ്.

സർക്കാരിനെതിരെ ശബ്ദിക്കുന്നവർക്കെതിരെ ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹ കുറ്റം ചുമഴ്ത്തി  ജീവപര്യന്ത്യം തടവിലിടുക എന്നതാണ് ഇപ്പോഴത്തെ കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ഇതിലൂടെ മുഴുവൻ ഇന്ത്യക്കാരുടെയും ശബ്ദം നിശബ്ദമാകുകയെന്ന ലക്ഷ്യമാണ് മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും ഇത്  ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്  എതിരാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഈ നിയമപ്രകാരം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും  ബാലഗംഗാധര തിലകനെയും പോലുള്ള  നേതാക്കളെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റ് ഉപയോഗിച്ചിരുന്ന വളരെ കടുത്ത ഈ  നിയമം സ്വതന്ത്ര ഇന്ത്യയിൽ തുടരുന്നതും, ദുരുപയോഗം ചെയ്യുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും വിഷയത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും 124 (എ ) വകുപ്പ് നീക്കം ചെയ്യണമെന്നും ബെന്നി ബഹനാൻ എം പി ആവശ്യപ്പെട്ടു.