സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 44396 പേർ നിരീക്ഷണത്തിൽ

Jaihind News Bureau
Friday, March 20, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 5 പേർക്കും കാസർകോട് 6 പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 44396 പേര്‍ സംസ്ഥാനത്ത് നീരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 44165 പേര്‍ വീടുകളിലാണ് കഴിയുന്നത്. 225 പേര്‍ ആശുപത്രിയില്‍ കഴിയുന്നു.സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർകോട് വിദേശത്ത് നിന്നും കോവിഡ് ബാധിച്ചെത്തിയ വ്യക്തി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഒരാഴ്ച കാസർകോടുള്ള എല്ലാ സർക്കാർ ഓഫീസുകളും ആരാധനാലയങ്ങളും ക്ലബ്ബുകളും അടച്ചിടണം. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ തുറക്കാവൂ.

നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. കേന്ദ്രസർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി അറിയിച്ച ഞായറാഴ്ചയിലെ ജനതാ കർഫ്യൂവിനെ സർക്കാർ പിന്തുണയ്ക്കും. പൊതുഗതാഗതം സ്തംഭിക്കും. മെട്രോ ഉൾപ്പടെ പ്രവർത്തിക്കില്ല. ആ ദിവസം സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.