കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. 12 ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും. ഡോക്ടർമാർക്കിടയിൽ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടർന്ന് പിടിച്ചിരിക്കുന്നത്.
ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിയന്തരശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ടോടെയും, നാളെ ഉച്ചയോടെയും കൂടുതൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാൽ സ്ഥിതി അതീവഗുരുതരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.
നേരത്തേയും കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യാപനം കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. അതിപ്പോൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. മറ്റ് ആശുപത്രികളിൽ നിന്ന് വരുന്ന രോഗികൾക്ക് കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്നും, അല്ലാത്തവരെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുമാണ് തീരുമാനം.