ശരൺ ചന്ദ്രൻ കാപ്പാ പ്രതിയാണെന്ന് സ്ഥിരീകരിച്ച് പോലീസ്; 11 കേസിനും രാഷ്ട്രീയ ബന്ധം, സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു

 

പത്തനംതിട്ട: കാപ്പാ ചുമത്തപ്പെട്ട ക്രിമിനലായ ആളെ സിപിഎമ്മിൽ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ല എന്നായിരുന്നു ജില്ലാ സെക്രട്ടറി ഉദയഭാനുവിന്‍റെ വാദം. എന്നാൽ ശരൺ ചന്ദ്രൻ കാപ്പാ പ്രതിയാണെന്നാണ് പോലീസ് സ്ഥിരീകരണം.

കാപ്പാ ചുമത്തിയ ക്രിമിനൽ കേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കുവാൻ ആരോഗ്യമന്ത്രിയെ വരെ എത്തിച്ചാണ് പത്തനംതിട്ടയിൽ സിപിഎം തെറ്റ് തിരുത്തലിന് തുടക്കം കുറിച്ചത്. ജില്ലാ സെക്രട്ടറി ഉദയഭാനു മുൻകൈ എടുത്താണ് കാപ്പാ ചുമത്തപ്പെട്ട മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെ സിപിഎമ്മിൽ എത്തിച്ചത്. ഒരു ക്രിമിനലിനെ കൂടി പാർട്ടിയിലെത്തിച്ച ആവേശത്തിൽ രക്തഹാരമണിയിച്ച ക്രിമിനലിനൊപ്പം നിന്ന് മന്ത്രിയുൾപ്പെടെ മുദ്രാവാക്യം മുഴക്കി. നിരവധി കേസുകളിൽ പെട്ടയാളാണ് ശരൺ ചന്ദ്രൻ. എന്നാൽ കോന്നി ഏരിയാ കമ്മറ്റിയിൽ പെട്ട ഇയാളെ സ്വീകരിച്ച ചടങ്ങിൽ നിന്ന് ജനീഷ് കുമാർ എംഎൽഎ മാറി നിന്നതും ശ്രദ്ധേയമായി. ഇയാളെ പാർട്ടിയിൽ എത്തിച്ചതിൽ പ്രവർത്തകർക്കിടയിലും പ്രതിഷേധമാണ്.

എന്നാൽ കാപ്പാ കേസ് പ്രതിയെ സ്വീകരിച്ചതിൽ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരുന്നു. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ല എന്നും കാലാവധി കഴിഞ്ഞു എന്നും ആണ് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്‍റെ വിശദീകരണം. ശരണിനെ നാടുകടത്തിയിട്ടില്ല എന്നും താക്കീത് നൽകിയിട്ടേ ഉള്ളു എന്നും പ്രതിയായത് ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണെന്നും രാഷ്ട്രീയ കേസുകളിൽപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാൽ ഇയാൾക്ക് നിലവിൽ കേസുണ്ടെന്നും കാപ്പാ ചുമത്തപ്പെട്ട പ്രതിയാണെന്നുമാണ് പോലീസ് വിശദീകരണം.

Comments (0)
Add Comment