സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്; 41 പേര്‍ക്ക് രോഗമുക്തി, 6 പുതിയ ഹോട്സ്പോട്ടുകള്‍

Jaihind News Bureau
Sunday, June 7, 2020

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ  ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 144 ആയി.