ആലപ്പാട് : അതിജീവനത്തിനായുള്ള പോരാട്ടം നൂറ് ദിനം പിന്നിടുന്നു

Jaihind Webdesk
Saturday, February 9, 2019

ആലപ്പാട് ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടം നൂറ് ദിനം പിന്നിട്ട് മുന്നോട്ട്. കരിമണൽ ഖനനം പൂർണമായി നിർത്തും വരെ സമരം തുടരുകയാണ് ആലപ്പട്ട് സമര സമിതി. സമരത്തിന്‍റെ നൂറാം ദിനത്തിൽ നിരാഹാരം കിടന്നത് നൂറിലധികം ആളുകളായിരുന്നു.

നൂറാം ദിനത്തിലും ആലപ്പാട്ടെ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ആവേശമായ് മാറിയിരിക്കുന്ന സമരപ്പന്തലിൽ ആവേശത്തിന്ന് ഒട്ടും കുറവില്ല. പോരാ,കൂടുതൽ കരുത്താർജ്ജിച്ചെന്ന് വേണം പറയാൻ ഒരാളിൽ തുടങ്ങിയ നിരാഹാര സമരം നൂറാം ദിവസത്തിൽ എത്തിയപ്പോൾ ചെറിയ അഴീക്കലിൽ നിന്നുള്ള നൂറിലധികം ആളുകളുടെ നിരാഹാരമായി.നൂറാം ദിനത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരോപിടി മണലുമായി ആലപ്പാട്ട് എത്തുകയും ചെയ്തു.

Alappad-Samaram-100-days

കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആർഇയുടെ കരിമണൽ ഖനനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ നിരാഹാരസമരം. പ്രശ്‌നപരിഹരത്തിനായി വ്യവസായ മന്ത്രിസമരസമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമായത്.സമരക്കാരെ ആക്ഷേപിച്ച് സമരം തകർക്കാൻമന്ത്രിമാരടക്കം ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.ഖനനം പൂർണമായി നിർത്താനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിഷയം സങ്കീർണ്ണമായിട്ടും മുഖ്യമന്ത്രി ആലപ്പാട് സന്ദർശിക്കാൻ തയ്യാറാകാത്തതിലും സമരക്കാർക്ക് പ്രതിഷേധമുണ്ട്.

മുഖ്യമന്ത്രി ഇനിയെങ്കിലും ഇവിടെയെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധങ്ങൾക്കൊടുവിൽ, ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയെ നിയോഗിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തത്. സമരം തൽക്കാലം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം.