തുടർഭരണം നൂറ് ദിനം : സർക്കാർ നിഷ്ക്രിയം ; പൂജ്യത്തിന് പുറത്താകുന്ന ‘ക്യാപ്റ്റനായി’ പിണറായി

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : പിണറായി സർക്കാരിൻ്റെ തുടർഭരണം നൂറ് ദിവസം പൂർത്തിയാകുമ്പോൾ മന്ത്രിസഭയുടെ തലവൻ നിയന്ത്രിക്കുന്ന വകുപ്പുകളുടെ പ്രവർത്തനം ശരാശരയിലും താഴെയാണ്. ക്രിയാത്മകമായ ഒരു തീരുമാനവും ഈ വകുപ്പുകളിൽ ഉണ്ടായില്ല. തുടക്കത്തിൽ തന്നെ ഇത്തരം സമീപനം തുടർന്നാൽ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ഇടതുമുന്നണിയിൽ ഉയരുന്ന ചോദ്യം.

മന്ത്രിസഭയിൽ ആഭ്യന്തരം ഉൾപ്പെടെ കുടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ വകുപ്പുകളിൽ ഒന്നും നടക്കുന്നില്ലന്നാണ് ആക്ഷേപം. പുതുമുഖ മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. മുതിർന്ന മന്ത്രിമാരുടെ അഭാവമാണ് ഇതിന് കാരണം. ലോക്ഡൗൺ ഉൾപ്പടെയുള കാര്യങ്ങൾ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയാണ്. പക്ഷേ പഴി കേൾക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരും. കൊവിഡ് ലോക്ഡൗണിൽ മാനദണ്ഡങ്ങൾ ലംഘിച്ചെെന്നാരോപിച്ച് പൊലീസ് നടത്തിയ പിടിച്ചുപറിയെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയായിരുന്നു.

ഒന്നാം കൊവിഡ് തരംഗത്തിൽ നിരന്തരം വാർത്താസമ്മേളനങ്ങളിലൂടെ  നേട്ടങ്ങൾ നിരത്തി രാഷ്ട്രീയ പ്രതിയോഗികളെ വിമർശിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. തുടക്കകാരൻ ആണെങ്കിലും തമിഴ്‌നാട് മുഖ്യൻ സ്റ്റാലിനെയാണ് പിണറായി മാതൃക ആക്കേണ്ടത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വിമർശനങ്ങളുടെയും ആരോപണങ്ങളുടെയും കുന്തമുന നീണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. തുടർഭരണത്തിലും ഇതിന് മാറ്റമില്ല. സ്വർണ്ണ, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് ഇപ്പോഴും സജീവ ചർച്ചാവിഷയമാണ്.

മുട്ടിൽ വനംകൊള്ള കേസിലെ പ്രതികളുടെ ധർമ്മടം ബന്ധവും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നു. ഇതിന് മുഖ്യമന്ത്രിക്ക് ഇതുവരെ മറുപടിയില്ല. പാർട്ടിയിലും സർക്കാരിലും പിണറായി വിജയൻ്റെ ഏകാധിപത്യ ശൈലി തുടരുകയാണ്. രണ്ടാം വരവിൽ മന്ത്രിമാരെ തെരഞ്ഞടുത്തത് പാർട്ടിയല്ല മുഖ്യമന്ത്രിയാണ്. പുതുമുഖ മന്ത്രിമാരാകട്ടെ മുഖ്യൻ്റെ നിഴലിൽ നിന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പിണറായി വിജയനെ ക്യാപ്റ്റൻ എന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. പക്ഷേ ഓരോ മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന ക്യാപ്റ്റനായി മാറുകയാണ് പിണറായി വിജയൻ. ഒപ്പം ടീമിൻ്റെ തോൽവിയും.