അധികാര അഹന്തയുടെയും പ്രതികാര രാഷ്ട്രീയത്തിന്‍റെയും 100 ദിനങ്ങള്‍; മോദി സർക്കാരിന്‍റെ 100 ദിനങ്ങള്‍ വിലയിരുത്തി കപില്‍ സിബല്‍

രണ്ടാം മോദി സർക്കാര്‍ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ അഹന്തയുടെയും പ്രതികാര രാഷ്ട്രീയത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും 100 ദിനങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചത്.

അധികാരത്തിന്‍റെ അഹന്ത

പാർലമെന്‍റില്‍ ചർച്ചയ്ക്ക് അവസരം നല്‍കാതെ നിയമനിർമാണങ്ങൾ നടപ്പാക്കി. 39 പുതിയ ബില്ലുകൾ അവതരിപ്പിച്ചു, അതിൽ 28 എണ്ണം പാർലമെന്‍റിന്‍റെ ബജറ്റ് സെഷനിൽ പാസാക്കി. എന്നിരുന്നാലും ബില്ലുകളൊന്നും തന്നെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ സൂക്ഷ്മപരിശോധനയ്ക്കായി അയച്ചിട്ടില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കൽ, വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുക, ട്രിപ്പിൾ തലാഖ് കുറ്റകരമാക്കുക തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ അധികാര ഗർവിന്‍റെയും ധിക്കാരത്തിന്‍റെയും ഉദാഹരണങ്ങളാണ്.

റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് 1.77 ലക്ഷം കോടി വിഹിതം വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം. രഘുറാം രാജൻ ഉള്‍പ്പെടെയുള്ള മുൻ ഗവർണർമാർക്ക്  ഇക്കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മുൻ ഗവർണർ ഉർജിത് പട്ടേൽ കരുതൽധനം കൈമാറുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ രാജിവെച്ചിരുന്നു.

ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം. ഈ  പ്രക്രിയയ്ക്ക് കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് വരെ വർഷമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾക്ക് മൂലധനമായി 55,250 കോടി രൂപ നൽകിയിട്ടുണ്ടെങ്കിലും, ലയിപ്പിക്കേണ്ട പത്തിൽ ഒമ്പത് ബാങ്കുകളുടെയും അഞ്ച് ശതമാനത്തിൽ കൂടുതലുള്ള സംയോജിത നിഷ്‌ക്രിയ ആസ്തി കാരണം ഇത് മതിയാകില്ല.

പ്രതികാര രാഷ്ട്രീയം

പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താൻ  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായനികുതി ഉദ്യോഗസ്ഥര്‍ എന്നിവരെ നഗ്നമായി ദുരുപയോഗം ചെയ്യുന്നത് ഈ സർക്കാരിന്‍റെ ധാർഷ്ട്യത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. പിചിദംബരം, ഡി.കെ ശിവകുമാര്‍ എന്നിവർ സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരകളാവുകയായിരുന്നു.  ഈ കേസുകളിലൊന്നും ഏജൻസികൾ കുറ്റപത്രം നൽകിയിട്ടില്ല.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ ഈ ഏജന്‍സികളെ ഉപയോഗിച്ച് നിയമം ദുരുപയോഗം ചെയ്യുമ്പോള്‍ത്തന്നെ BJP നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. കുൽദീപ്‌ സെന്‍ഗർ (ഉന്നാവോ ബലാത്സംഗക്കേസ് പ്രതി), മുകുൾ റോയ് (ശാരദ ചിറ്റ് ഫണ്ട് അഴിമതി), രമേശ് പൊഖ്രിയാൽ നിഷാങ്ക് (ലാൻഡ് ആൻഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ്), ബാബുൽ സുപ്രിയോ (നാരദ സ്റ്റിംഗ് ഓപ്പറേഷനിലെ ചിറ്റ് ഫണ്ട് അഴിമതി), ബി.എസ് യെദ്യൂരപ്പ (ഭൂമി, ഖനന അഴിമതി), ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാർ (ഖനന അഴിമതി), ഹിമന്ത ബിശ്വ ശർമ (ലൂയിസ് ബെർഗർ കേസ്), ശിവരാജ് സിംഗ് ചൌഹാൻ (വ്യാപം അഴിമതി) എന്നിവയെല്ലാം ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്‍റെ ഉദാഹരണങ്ങളാണ്.

തുടരുന്ന അനിശ്ചിതത്വം

കശ്മീര്‍ : ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ടൂറിസം, വാണിജ്യ, കാർഷിക മേഖലകള്‍ വന്‍ നഷ്ടത്തിലാണുള്ളത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ കുറഞ്ഞത് 2,500 ഹോട്ടലുകളെങ്കിലും അടച്ചുപൂട്ടി. പ്രധാന വിപണികളിലെ 15,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. പഴ വിപണിയിലെ നഷ്ടം ഇതുവരെ 500 കോടി രൂപയാണ്. കുടിയേറ്റ തൊഴിലാളികൾ കശ്മീരിൽ നിന്ന് പലായനം ചെയ്തതിനാൽ പ്രധാന നിർമാണ പദ്ധതികളെല്ലാം തടസപ്പെട്ടു.  ജീവൻ രക്ഷാ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ ബില്ലുകള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തലാക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയെങ്കിലും, ആശങ്കാകുലമായ സാഹചര്യം തുടരുന്നതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ തയാറാകുന്നില്ല.

അസം പൗരത്വ ബില്‍ : പൗരത്വം നഷ്ടമായ 19 ലക്ഷം പേരില്‍ അര്‍ഹരായ നിരവധി പേരാണുള്ളത്. അനിശ്ചിതത്വം നിറഞ്ഞ ഭാവിയെ ഓര്‍ത്ത് ഇവര്‍ പരിഭ്രാന്തരാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബത്തിലെ 19 അംഗങ്ങളുടെ പേരുകൾ പട്ടികയില്‍ നിന്ന് തീർത്തും നീക്കംചെയ്യപ്പെട്ടു. മുൻ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്‍റെ കുടുംബത്തിലെ നാല് അംഗങ്ങളാണ് ഒഴിവാക്കപ്പെട്ടത്. മാതാപിതാക്കള്‍ പട്ടികയിലുണ്ടെന്നിരിക്കെ അവരുടെ കുട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് പരിഹാസ്യമാണ്.

ദുരിതമായി മാറുന്ന വ്യവസായമേഖല

വാഹന വ്യവസായം : വാഹന വിൽപന രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.  3,50,000 തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടു. മുന്നൂറിലേറെ വാഹന ഡീലർഷിപ്പുകൾ അടച്ചുപൂട്ടി. നിരവധി വാഹനനിര്‍മാണ യൂണിറ്റുകള്‍ ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ പൂട്ടിയിട്ടു. തൊഴിലാളികള്‍ക്ക് നിർബന്ധിത അവധി നല്‍കേണ്ട സാഹചര്യം സംജാതമായി.

വാഹന നിർമാതാക്കളായ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡ് രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ പാഡി ഫാക്ടറി അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ഹീറോ മോട്ടോകോർപ്പ് നാല് ദിവസത്തേക്ക് തങ്ങളുടെ പ്ലാന്‍റുകൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. മൊത്തം 13 ദിവസത്തേക്ക് ഉത്പാദനം താൽക്കാലികമായി നിർത്തുമെന്ന് ബോഷ് ലിമിറ്റഡും അറിയിച്ചു. ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇൻഡ്യ 700 ഓളം കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു. നിസാൻ ഇന്ത്യയിലെ 1,700 തസ്തികകളാണ് വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നത്. മഹീന്ദ്ര & മഹീന്ദ്രയും 1,500 ഓളം താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയാണ്.

പാർലെ : പാര്‍ലെ കമ്പനി തങ്ങളുടെ പത്തിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും ഗ്രാമപ്രദേശങ്ങളിലുള്ള സാധാരണക്കാരുടെയും ജീവിതമാർഗത്തിനാണ് ഇത് തിരിച്ചടിയാകുക.

ടെക്സ്റ്റൈൽ മേഖല : 2019 ഏപ്രിൽ മുതൽ പരുത്തി നൂൽ കയറ്റുമതി ശരാശരി 34.6% മായി കുറഞ്ഞു. ആകെ നെയ്ത്തുമില്ലുകളില്‍  മൂന്നിലൊന്നും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാത്തതിനാൽ 30 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴിൽ നഷ്ടമായത്. 80,000 കോടി രൂപ വില വരുന്ന പരുത്തിനൂല്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്. പരുത്തിയുടെ ഉയര്‍ന്ന വില കാരണം ഇന്ത്യയിലോ വിദേശത്തോ ഇതിന് വിപണി കണ്ടെത്താനാവുന്നില്ല.

സ്വർണ വിപണി : ഇന്ത്യയിലെ സ്വർണ വിപണി 40 ശതമാനത്തിലധികം ബിസിനസ് ഇടിവാണ് നേരിടുന്നത്.  സ്വർണത്തിന്‍റെ  ഇറക്കുമതി തീരുവയിലെ വന്‍ വർധനവിനെ തുടര്‍ന്നാണ് പ്രതിസന്ധിയെന്ന് വ്യാപാര രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

റിയൽ എസ്റ്റേറ്റ്: റിയല്‍ എസ്റ്റേറ്റ് മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2019 ന്‍റെ ആദ്യ പകുതിയിൽ 8 പ്രധാന നഗരങ്ങളിൽ 450,263 യൂണിറ്റുകളാണ് വിറ്റഴിയാതെ കിടക്കുന്നത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി.

തൊഴിലില്ലായ്മ : രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കില്‍. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ കണക്ക് അനുസരിച്ച് 8.2 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക്. നഗരത്തിലെ തൊഴിലില്ലായ്മാനിരക്ക് 9.4 ശതമാനമായി ഉയർന്നു.

സാമ്പത്തിക വ്യവസ്ഥ എന്താകുമെന്ന ആകാംക്ഷ

രാജ്യത്തിന്‍റെ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ എപ്പോള്‍ വീണ്ടെടുക്കാനാകുമെന്നത് സംബന്ധിച്ച് വലിയ ആകാംക്ഷയാണ് നിലനില്‍ക്കുന്നത്. ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനാകുമോ എന്നത് സംബന്ധിച്ച ആകാംക്ഷയെക്കാള്‍ ആഴത്തിലുള്ളതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആകാംക്ഷയും അനിശ്ചിതത്വവും. നടപ്പ് സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ പരിശോധിക്കുമ്പോള്‍ പെട്ടെന്നുള്ള കരകയറല്‍ എളുപ്പമാകില്ല.

ജി.ഡി.പിയിലെ ഇടിവ്: തുടർച്ചയായ അഞ്ചാം പാദത്തിലും രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തില്‍‌ (ജി.ഡി.പി) തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  ഒരു വർഷം മുമ്പ് 8 ശതമാനമായിരുന്നു ഇത്.

സ്വകാര്യ ഉപഭോഗം:  മുൻ പാദത്തിലെ 7.2 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി കുറഞ്ഞു.

നിക്ഷേപങ്ങളുടെ സൂചികയായ ഗ്രോസ് ഫിക്സഡ് ക്യാപിറ്റൽ ഫോർമേഷൻ (ജി‌.എഫ്‌.സി‌.എഫ്) 4 ശതമാനമായി കൂപ്പുകുത്തി. ഒരു വർഷം മുമ്പ് ഇത് 13.3 ശതമാനമായിരുന്നു.

2019 ഏപ്രിൽ-ജൂൺ വരെയുള്ള കാലയളവിലെ നിർമാണ പ്രവർത്തനങ്ങൾ 5.7 ശതമാനമായി കുറഞ്ഞു. മുൻ വർഷം ഇത് 9.6 ശതമാനമായിരുന്നു.

രാജ്യത്തിന്‍റെ ഉൽപാദനം എട്ട് പാദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 12.1 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായാണ് ഉല്‍പാദനം കൂപ്പുകുത്തിയത്.

എട്ട് പ്രധാന വ്യവസായങ്ങളുടെ വളർച്ചാനിരക്ക് ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.3 ശതമാനമായിരുന്നു. ഉരുക്ക്, സിമന്‍റ്, വൈദ്യുതി എന്നിവയുടെ ഉത്പാദനം കുറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തില്‍ കാർഷിക മേഖലയിലെ വളര്‍ച്ച 2% ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 5.1 ആയിരുന്നു.

ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന പേര് നഷ്ടമായി. ഏപ്രിൽ-ജൂൺ പാദത്തിൽ ചൈനയുടെ ജി.ഡി.പി വളർച്ച 6.2 ശതമാനമാണ്. ഇന്ത്യയുടേതാകട്ടെ എക്കാലത്തെയും കുറവായ 5 ശതമാനവും.

ലോക ബാങ്കിന്‍റെ 2018 ജി.ഡി.പി റാങ്കിംഗില്‍ ഇന്ത്യ പിന്നിലേക്ക് തള്ളപ്പെട്ടു. ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

2024 ഓടെ 5 ട്രില്യൺ ഡോളറിന്‍റെ സമ്പദ്‌വ്യവസ്ഥ എന്ന ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇന്ത്യ 12 ശതമാനം നിരക്കിൽ വളരേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപമില്ലാതെ ഈ ലക്ഷ്യം നേടാന്‍ കഴിയില്ല.

ഓഗസ്റ്റിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ

ജി.എസ്.ടി വരുമാനം ഇടിഞ്ഞു: ഓഗസ്റ്റിലെ ജി.എസ്.ടി കളക്ഷൻ കഴിഞ്ഞ 98,202 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 1.02 ലക്ഷം കോടി ആയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ പുതിയ നിക്ഷേപങ്ങളില്‍ കുത്തനെ ഇടിവുണ്ടായി. 354 ബില്യൺ രൂപയുടെ 304 നിക്ഷേപ പദ്ധതികള്‍ മാത്രമാണ്  പ്രഖ്യാപിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോൾ ഇത് 87 ശതമാനം കുറവാണ്. 2019 ജൂൺ പാദത്തിൽ പദ്ധതികളുടെ കമ്മീഷനിംഗില്‍ 61 ശതമാനം കുറവും രേഖപ്പെടുത്തി.

Kapil sibal
Comments (0)
Add Comment