പത്തനംതിട്ട സി.പി.എമ്മില്‍ കൂട്ടരാജി; ഏരിയാ കമ്മിറ്റിയില്‍ നിന്ന് 10 പേർ രാജിവെച്ചു

Jaihind News Bureau
Thursday, June 4, 2020

പത്തനംതിട്ട : കുറ്റാരോപിതനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് പത്തനംതിട്ട സി.പി.എമ്മില്‍ കൂട്ടരാജി. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് നിലവില്‍ 10 പേര്‍ പ്രതിഷേധിച്ച് രാജിവെച്ചു. പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരായ സ്ത്രീ വിഷയം ഉള്‍പ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ നേതൃത്വം സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കവര്‍ന്നെടുക്കുകയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താന്‍ ശ്രമിക്കുന്നതായി കാട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് പരാതി മുക്കുകയായിരുന്നു. മെയ് ഏഴിനാണ് പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വിഷയം ചര്‍ച്ചയായതോടെ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. തുടർന്ന് ഏരിയാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറമറ്റം ലോക്കല്‍ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തിക്കൊണ്ട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിനെതിരെ ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പ്രതിഷേധമുയർത്തി. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വം തയാറായില്ല.

ലോക്കല്‍ സെക്രട്ടറിക്കെതിരായ മൃദുസമീപനത്തിനെതിരെ 20 അംഗ ഏരിയാ കമ്മിറ്റിയിലെ  ഭൂരിഭാഗം പേരും രംഗത്തെത്തി. ഏരിയാ കമ്മിറ്റിയിലെ പത്ത് പേര്‍ പ്രതിഷേധിച്ച് സ്ഥാനം രാജി വെക്കുകയും രണ്ട് അംഗങ്ങള്‍ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.