കൊവിഡ് -19 : സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു; 7പേർ കണ്ണൂരില്‍

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ – 7, കാസർകോട് – 2, കോഴിക്കോട് – 1. ഇതില്‍ 3 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത്.  19പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി.  ഇപ്പോഴും ചികിൽസയിലുള്ളത് 228 പേര്‍.  1,23,490 പേർ നിരീക്ഷണത്തിലുണ്ട്.  ഇതിൽ 1,22,676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ.

ഇന്ന്  ആശുപത്രിയിൽ 201 പേരെ പ്രവേശിപ്പിച്ചു.  ഇതുവരെ 14163 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 12718 എണ്ണം നെ​ഗറ്റീവായി.

കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും കുട്ടികളാണ്. കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ പത്തും എട്ടും വയസുള്ള ഈ രണ്ട് പെൺകുട്ടികളും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത് വടകര എടച്ചേരി സ്വദേശിയായ 67കാരനാണ്. ഇദ്ദേഹത്തിന്‍റെ മക്കൾ ദുബായിൽ നിന്ന് എത്തിയിരുന്നു. ആദ്യം പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഇപ്പോൾ പോസിറ്റീവ് ആയി.

കൊവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം ആശുപത്രിയിൽ കുഞ്ഞ് പിറന്നു.

ലോക്ക് ഡൗണ്‍ നീട്ടുന്നതോ ഇളവ് വരുത്തുന്നതോ ആയി അതുമായി ബന്ധപ്പെട്ടുള്ള എന്ത് നടപടിയും കേന്ദ്ര തീരുമാനം വന്ന ശേഷമായിരിക്കും. അതേസമയം, ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഇളവ് വേണം എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇഎസ്ഐയുടെ മാനദണ്ഡത്തിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അവരെ സഹായിക്കാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. അവിടെയുള്ള ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാനായി പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിൻ വേണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

KannurcoronaCovid 19
Comments (0)
Add Comment