കൂടുതല്‍ മന്ത്രിമാര്‍ യു.പിയില്‍ നിന്ന്; മോദി ഉള്‍പ്പെടെ പത്ത് മന്ത്രിമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സർക്കാരില്‍ ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന്. നരേന്ദ്ര മോദിയുള്‍പ്പെടെ പത്ത് മന്ത്രിമാരാണ് യു.പിയില്‍ നിന്നുള്ളത്. തൊട്ടുപിന്നില്‍ ഏഴ് മന്ത്രിമാരുള്ള മഹാരാഷ്ട്രയാണ്. ബിഹാറില്‍ നിന്ന് ആറ് മന്ത്രിമാരാണ് മോദി മന്ത്രിസഭയിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, മഹേന്ദ്രനാഥ് പാണ്ഡെ, സഞ്ജീവ് ബല്യാൻ, സാധ്വി നിരഞ്ജന്‍ ജ്യോതി, വി.കെ സിംഗ്, സന്തോഷ് ഗാങ്‍വർ, ഹർദീപ് സിംഗ് പുരി, മുഖ്താർ അബ്ബാസ് നഖ്‍വി എന്നിവരാണ് യു.പിയിൽനിന്നുള്ള മറ്റ് മന്ത്രിമാർ. 7 മന്ത്രിമാരാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളത്. നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, അർവിന്ദ് സാവന്ത്, ധാന്‍വി പട്ടീല്‍, രാംദാസ് അതാവലെ, ഷംറാവു ധോത്രെ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്ന് മോദി മന്ത്രിസഭയില്‍ ഇടംപിടിച്ചത്. റാംവിലാസ് പസ്വാന്‍, രവി ശങ്കര്‍ പ്രസാദ്, ഗിരിരാജ് സിംഗ്, ആര്‍.കെ സിംഗ്, അശ്വിനി കുമാര്‍ ചൌബെ നിത്യാനന്ദ് റായ് എന്നിവരാണ് ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍.

നിർമലാ സീതാരാമന്‍ ഉള്‍പ്പെടെ കർണാടകയില്‍ നിന്ന് നാല് മന്ത്രിമാരാണുള്ളത്. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, സംസ്ഥാനങ്ങൾക്ക് മൂന്നും ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് രണ്ടുവീതവും മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ബാബുൽ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവരാണ് ബംഗാളിൽ നിന്നുള്ള മന്ത്രിമാർ. എട്ട് സീറ്റുകളില്‍ വിജയിച്ച ഒഡീഷയില്‍ നിന്ന് ധര്‍മേന്ദ്ര പ്രധാന്‍, പ്രതാപ്ചന്ദ്ര സാരംഗി എന്നിവരാണ് മന്ത്രിസഭയിലെത്തിയത്. ഹര്‍ഷ് വര്‍ധനാണ് ഡല്‍ഹിയില്‍ നിന്നുള്ള ഏക മന്ത്രി. കേരളത്തില്‍ നിന്ന് വി മുരളീധരനാണ് മോദി മന്ത്രിസഭയിലെ പ്രതിനിധി.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഒന്നാം എന്‍.ഡി.എ സർക്കാരിലെ മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവർ പുറത്തുപോയതോടെ ഇവർ കൈകാര്യം ചെയ്തിരുന്ന ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകൾ ആർക്ക് ലഭിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.  ഇന്ന് വൈകിട്ട് 5.30നാണ് കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം.

bjpmodi ministry
Comments (0)
Add Comment