ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

 

തിരുവനന്തപുരം: തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ട് ജോയ് മരണമടഞ്ഞത്. ജോയിക്കായി രണ്ട് ദിവസത്തിനടുത്ത് രക്ഷാദൗത്യം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കിയാണ് റെയില്‍വേ താല്‍കാലിക തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.

മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറക്ക് നഗരസഭ ഇതിനുള്ള നടപടി ആരംഭിക്കും.

 

Comments (0)
Add Comment