കർണാടകത്തിൽ എന്തുവിലകൊടുത്തും ഭരണം പിടിക്കാൻ ചരടുവലി നടത്തുന്ന ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ച് കോൺഗ്രസിന്‍റെ നീക്കം. ഓപ്പറേഷൻ താമര സജീവമാക്കി ഭരണം പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ നീക്കങ്ങളെ പ്രതിരോധത്തിലാക്കി കോൺഗ്രസ് രംഗത്തെത്തി. 10 ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസ് പ്രവേശനത്തിനായി തങ്ങളെ സമീപിച്ചു എന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ വെളിപ്പെടുത്തി. ഇതോടെ ബി.ജെ.പി ക്യാമ്പ് പ്രതിരോധത്തിലായി.
സഖ്യസർക്കാർ അധികാരത്തിൽ വന്ന അന്നുമുതൽ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. അത് പുതിയ കാര്യമല്ല. ഞങ്ങളുടെ എം.എൽ.എമാരെക്കുറിച്ച് ഒരു ബി.ജെ.പി നേതാവ് സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് ബി.ജെ.പിയുടെ 10 എം.എൽ.എമാർ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. യെദ്യൂരപ്പയുടേത് വെറും പകൽക്കിനാവ് മാത്രമാണെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
224 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടാൻ 113 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 77 എം.എൽ.എമാരും ജനതാദൾ എസിന് 37 എം.എൽ.എമാരുമാണുള്ളത്. ഒരു ബി.എസ്.പി എം.എൽ.എയും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ ബി.ജെ.പിക്ക് 104 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. രണ്ട് മണ്ഡലങ്ങളിൽ മെയ് 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിലവിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും കർണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ സ്വാധീനം ചെലുത്തും. സർക്കാർ വീഴുമെന്ന് പറയുന്നവരുടെ വായടപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാകും വരാനിരിക്കുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവും വ്യക്തമാക്കി.
ഓപ്പറേഷൻ താമര വീണ്ടും സജീവമാക്കുമെന്നും കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ക്യാമ്പിലെത്തിക്കുമെന്നുമുള്ള ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ നീക്കത്തിനുള്ള മറുപടിയായാണ് കോൺഗ്രസ് വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ ബി.ജെ.പി പ്രതിരോധത്തിലായി. മെയ് 23ന് ശേഷം സംസ്ഥാനത്ത് പല അട്ടിമറികളും നടക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിന്‍റെ വെളിപ്പെടുത്തലോടെ ആ പത്ത് പേർ ആരെന്ന ആശങ്കയിലാണ് നിലവിൽ ബി.ജെ.പി ക്യാമ്പ്.