ശബരിമല : 10 ദിവസം നീണ്ട് നിൽക്കുന്ന ഉൽസവത്തിന് ഇന്ന് തുടക്കം

Jaihind Webdesk
Tuesday, March 12, 2019

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര തുറന്നു. രാവിലെ നടക്കുന്ന കൊടിയേറ്റ് ചടങ്ങോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിനും തുടക്കമാകും. 10 ദിവസം നീണ്ട് നിൽക്കുന്ന ഉൽസവത്തിന് 21ആം തീയതി സമാപനമാകും.

ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ട് എഴുന്നള്ളിപ്പും പൂജയും നടക്കും. ആറാട്ട് ഘോഷയാത്ര വൈകിട്ട് 6ന് സന്നിധാനത്തിൽ തിരിച്ചെത്തിയ ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.

ഈ വർഷത്തെ ശബരിമല ക്ഷേത്ര മഹോൽസവത്തിനായി ഇന്നലെ വൈകിട്ട് 5 മണിക്കാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ആണ് ശ്രീകോവിലിൽ നട തുറന്നത്. തുടർന്ന് 18-ആം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി തീ പകർന്നതോടെ പതിനെട്ടാം പടി കയറി ഭക്തർ ദർശനത്തിനായെത്തി. ശ്രീകോവിലിനായി പുതുതായി പണി കഴിപ്പിച്ച സ്വർണ്ണത്തിൽ തീർത്ത വാതിലിന്‍റെ സമർപ്പണവും തുടർന്ന് നടന്നു. കോട്ടയം ഇളംപള്ളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ് വാതിൽ ശബരിമലയിലെത്തിച്ചത്.

വലിയ ഭക്തജന തിരക്കായിരിക്കും ഉൽസവത്തിന് ആയി നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ സന്നിധാനത്ത് അനുഭവപ്പെടുക. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇത്തവണയും അത്തരത്തിലുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമലയിൽ കടുത്ത നടപടിക്ക് പോലീസ് മുതിരില്ലെന്നാണ് സൂചന.

കഴിഞ്ഞ മാസത്തെ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്ന സ്ഥലത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടി കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങൾ മാത്രമായിരിക്കും സന്നിധാനം, നിലക്കൽ, പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക.

സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി പറയാത്തതിനാൽ യുവതികളും ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യുവതികളെ തടയുമെന്ന നിലപാടിലുറച്ച് ശബരിമല കർമ്മ സമിതി രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്.

കടുത്ത വേനലിൽ പമ്പ വറ്റി വരണ്ടതിനാൽ കുള്ളാർ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെയും വെള്ളമില്ല. നിലക്കൽ-പമ്പ സർവ്വീസിനായി 60 ബസ്സുകൾ എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

മേടവിഷു പൂജകൾക്കായി 11 ന് തുറക്കുന്ന നട 19ന് അടയ്ക്കും.