സ്മൃതിയെ ഇറാനിയെ തെരഞ്ഞെടുപ്പില്‍ വിലക്കണം: ജനാധിപത്യത്തെ വഞ്ചിക്കുന്നൊരാള്‍ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടോ?: കോണ്‍ഗ്രസ്

Jaihind Webdesk
Friday, April 12, 2019

ന്യൂഡല്‍ഹി: തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. അതിനാല്‍ അമേത്തിയില്‍നിന്നും മത്സരിക്കുന്നതില്‍നിന്നും അവരെ വിലക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇത് വെറുമൊരു തമാശയല്ല, ഗുരുതര വിഷയമാണ്. ജനങ്ങള്‍ വിഡ്ഡികളാക്കപ്പെട്ടിരിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഇതൊരു അഴിമതിയാണ്. അവരുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണം. ജനാധിപത്യത്തെ വഞ്ചിക്കുന്നൊരാള്‍ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടോ ബിഎ, ബികോം, യേല്‍ സര്‍വകലാശാല… മോദി, രാജ്യത്തെ പിന്നെ രക്ഷിക്കാം, ആദ്യം താങ്കളുടേയും സ്മൃതിയുടേയും ബിരുദം സംബന്ധിച്ച് ആദ്യം അറിയിക്കുക- സുര്‍ജെവാല ആവശ്യപ്പെട്ടു.

സ്മൃതി ഇറാനി കഴിഞ്ഞ ദിവസാണ് അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2014 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബരുദധാരിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു