സ്നേഹ സംഗമ വേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്

Jaihind News Bureau
Thursday, June 14, 2018

കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ ഗാന്ധി ഒരുക്കിയ ആദ്യ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. മുൻ രാഷ്ട്രപതിമാരും വിവിധ കക്ഷിനേതാക്കളും വിദേശരാജ്യ പ്രതിനിധികളും ഇഫ്താറിൽ പങ്കെടുത്തു.

മുൻ രാഷ്ട്രപതിമാരായ പ്രണബ്കുമാർ മുഖർജി, പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഒരുക്കിയ ഇഫ്താർ വിരുന്ന്. കോൺഗ്രസ് നേതാക്കളായ രൺദീപ്‌സിങ്ങ് സുർജേവാല,ആനന്ദ്ശർമ, ഗുലാംനബി ആസാദ്, നടി നഫീസാ അലി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്ന് എംപിമാരായ ശശിതരൂർ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും എത്തിയിരുന്നു.

വിവിധ കക്ഷി നേതാക്കളായ പ്രഫുൽ പട്ടേൽ, ശരത് യാദവ്, സീതാറാം യെച്ചൂരി, സതീഷ് മിത്ര, രാംഗോപാൽ യാദവ്, കനിമൊഴി, ഒമർ അബ്ദുള്ള, ഡി.രാജ, ദിനേഷ് തുടങ്ങിയവരും, റഷ്യൻ അംബാസിഡർ നിക്കോളായ് ആർ കുഡഷേവ് ഉൾപ്പെടെയുള്ള വിദേശരാജ്യ പ്രതിനിധികളും രാഹുലിന്‍റെ ക്ഷണം സ്വീകരിച്ചെത്തി. പരിചിതമായ മുഖങ്ങളും, നല്ല സംഭാഷണങ്ങളും ചേരുമ്പോൾ അവിസ്മരണീയമായ ഇഫ്താർ ഒരുങ്ങുന്നുവെന്നും, മുൻരാഷ്ട്രപതിമാരും ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം അഭിമാനകരമാണെന്ന് രാഹുൽ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

ചികിത്സാർത്ഥം വിദേശത്തായതിനാൽ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഈഫ്താറിൽ പങ്കെടുത്തില്ല.