തിരുവനന്തപുരം കേരളാ ദിത്യ പുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ച് കയറി ബസ് ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക്
ഗുരുതരമായി പരിക്കേറ്റു. ആറ് കുട്ടികൾക്ക് നിസാര പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണന്തലയ്ക്ക് സമീപം കേരളാദിത്യപുരത്താണ് സ്കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം ഉണ്ടായത്. നാലാഞ്ചിറ സെന്റ്’ ജോൺസ് വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ഇടിച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും ഒരുകുട്ടിയെയും ഏറെനേരത്തെ പരിശ്രമത്തിലൂടെയാണ് രക്ഷപെടുത്താനായത്. പരിക്കേറ്റ കുട്ടികളെയും മറ്റുള്ളവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ജില്ല കളക്ടർ കെ.വാസുകി വ്യക്തമാക്കി.
മണ്ണന്തല പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെ സി ബി അടക്കമുള്ളവ എത്തിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ബസ് ഇടിച്ചുകയറിയ കടയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ബസ് അമിത വേഗത്തിലല്ല വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.