സമനിലയോടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍; ഇറാന്‍ പുറത്ത്

Jaihind News Bureau
Tuesday, June 26, 2018

ഇറാൻ പോർച്ചുഗൽ മത്സരം സമനിലയിൽ. പോർച്ചുഗൽ റഷ്യൻ ലോകകപ്പിൻറെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നാല് പോയിന്‍റുകള്‍‌ മാത്രമുള്ള ഇറാൻ ലോകകപ്പിൻറെ പുറത്തേക്കുള്ള വഴിയും കണ്ടു.

ഇൻജുറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെയാണ് ഇറാന്‍ പോർച്ചുഗലിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ കരെസ്മെ ഇറാന്‍റെ ഗോള്‍വല ചലിപ്പിച്ചു.

തുടര്‍ന്ന് കളിയുടെ 53-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി കിക്കിന് ലഭിച്ച അവസരം പാഴാക്കിയത് ആരാധകരെ നിരാശരാക്കി. വി.എ.ആർ തീരുമാനത്തെത്തുടർന്ന് ലഭിച്ച പെനൽറ്റിയാണ് റൊണാള്‍ഡോ പാഴാക്കിയത്. റൊണാൾഡോ തൊടുത്ത ഷോട്ട് ഇറാൻ ഗോളി അലി റസ ബെയ്റൻവദ് തടഞ്ഞു.

അതേസമയം എക്സ്ട്രാ ടൈമില്‍ (90+3)  ലഭിച്ച പെനൽറ്റി കിക്ക് പോര്‍ച്ചുഗലില്‍റെ ഗോള്‍വലയിലെത്തിച്ച ഇറാന്‍റെ അൻസാരി ഫർദ് ഗോള്‍ നില തുല്യമാക്കി, (1-1).

മൂന്നു കളികളിൽ നിന്ന് അഞ്ചു പോയിന്റ് നേടി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗൽ  പ്രീ ക്വാർട്ടറിൽ  ഉറുഗ്വേയെ നേരിടും. 30നാണ് ഉറുഗ്വേക്കെതിരായ മത്സരം. അതേസമയം നാല് പോയിന്റ് മാത്രമുള്ള ഇറാൻ ലോകകപ്പില്‍ നിന്ന് പുറത്തായി.