സഭാ സുന്നഹദോസിൽ കുറ്റാരോപിതരായ വൈദികർക്കെതിരെ നടപടിയില്ല

Jaihind News Bureau
Saturday, August 11, 2018

ഓർത്തഡോക്‌സ് വൈദികർക്കെതിരെ സഭാ സുന്നഹദോസിൽ നടപടിയുണ്ടായില്ല. കുറ്റാരോപിതർക്കെതിരെ നടപടികൾ തീരുമാനിക്കാൻ ഭദ്രാസനങ്ങളെ യോഗം ചുമതലപ്പെടുത്തി. വൈദികർക്ക് എതിരായ പരാതി നൽകുന്നതിനായി ധാർമിക ഉപദേശക സമിതി രൂപീകരിക്കാനും സുന്നഹദോസിൽ തീരുമാനമായി.

ലൈംഗിക പീഡനക്കേസിൽ പ്രതികളായ വൈദികർക്കെതിരെ സുന്നഹദോസ് നടപടി സ്വീകരിക്കുമെന്നായിരുന്നു സൂചന. എന്നാൽ ശിക്ഷണ നടപടികൾ ഭദ്രാസനങ്ങൾക്ക് വിട്ട് നാലുദിവസം നീണ്ട യോഗം അവസാനിപ്പിക്കുകയായിരുന്നു. വൈദീകരുടെമേൽ ഭദ്രാസന മെത്രാപ്പോലീത്താമാർ കൈക്കൊണ്ട നടപടികൾ യോഗം അംഗീകരിച്ചു.

അന്വേഷണ കമ്മീഷനുകളുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കി ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് കാതോലിക്കാ ബാവക്ക് സമർപ്പിക്കണം. വൈദികർക്കും സഭാസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും പെരുമാറ്റ മാർഗ്ഗരേഖ പുതുക്കും. വൈദിക സ്ഥാനികളെയും സഭാ ശുശ്രൂഷകരെയും സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനായി ധാർമ്മിക ഉപദേശക സമിതിയെ നിയമിക്കാനും സുന്നഹദോസ് തീരുമാനിച്ചു. കോടതി വിധി വരുന്നതുവരെ വൈദികർക്കെതിരെ ശിക്ഷണ നടപടി പാടില്ലെന്ന് അഭിപ്രായം സഭയിൽ ഒരു വിഭാഗം ഉയർത്തി. വൈദികർക്ക് എതിരെ നടപടി വൈകുമെന്ന വ്യക്തമായ സൂചനയാണ് സുന്നഹദോസ് നൽകുന്നത്.

https://www.youtube.com/watch?v=2BM_etlT79s