സഞ്ജിത്തിന്‍റെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയില്‍

Jaihind Webdesk
Monday, November 22, 2021

പാലക്കാട്‌ : മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയില്‍. പാലക്കാട്‌ സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് പ്രതികളില്‍ ഒരാളായ സുബൈർ. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ്. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യ അർഷികയുടെ മുന്നിൽവച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ അഞ്ചംഗ സംഘം സഞ്ജിത്തിനെ റോഡിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.