സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു

Jaihind News Bureau
Friday, June 29, 2018

പാർട്ടി അധ്യക്ഷനില്ലാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ബി.ജെ.പി. വരുന്ന മൂന്നാം തീയതി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് പുതിയ സംസ്ഥാന പ്രസിഡന്‍റുണ്ടാകുമോ എന്ന് ഉറപ്പില്ലെന്നാണ് നേതാക്കൾ പറയുന്നത്.

മെയ് 25 നാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കിക്കൊണ്ട് സംസ്ഥാനത്ത് പാർട്ടിക്ക് അമരക്കാരനില്ലാത്ത സാഹചര്യം ബി.ജെ.പി ഒരുക്കിയത്. കഴിഞ്ഞ 1 മാസത്തിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.

ഗ്രൂപ്പ് വഴക്കിൽപ്പെട്ടാണ് കുമ്മനം രാജശേഖരന് പ്രസിഡന്റ് സ്ഥാനം നഷ്ടമായതെങ്കിൽ അതേ സാഹചര്യം ഇപ്പോഴും പാർട്ടിയിൽ തുടരുകയാണ്. മുരളീധരവിഭാഗവും, കൃഷ്ണദാസ് വിഭാഗവും പുതിയ പാർട്ടി അധ്യക്ഷ സ്ഥാനത്തിനുവേണ്ടി ചരടുവലി ശക്തമാക്കിയതോടെ കേന്ദ്രനേതൃത്വവും പ്രതിസന്ധിയിലായി. പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ എന്ന് തീരുമാനമുണ്ടാകുമെന്ന യാതൊരു സൂചനയും സംസ്ഥാന നേതാക്കൾക്കില്ല.

ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, പ്രജാ പ്രവാഹ് ദേശീയ കൺവീനർ ജെ നന്ദകുമാർ എന്നിവരുടെ പേരുകൾ തുടക്കം മുതലേ സജീവമാണ്. എല്ലാ ഗ്രൂപ്പുകാരുടേയും വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്ന ഒരു പ്രസിഡന്‍റിനെ കണ്ടെത്താനാവാത്ത പ്രതിസന്ധിയിലാണ് കേന്ദ്രനേതൃത്വം. സംസ്ഥാന നേതാക്കൾ ഒറ്റയ്‌ക്കൊറ്റക്ക് നൽകിയ പേരുകൾ കേന്ദ്രനേതൃത്വത്തിന്‍റെ മുന്നിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും കപ്പിത്താനില്ലാത്ത കപ്പലുപോലെയാണ് പാർട്ടിയെന്ന് പ്രവർത്തകർ അടക്കം പറഞ്ഞുതുടങ്ങി. ഇതിനിടെയാണ് ജൂലൈ 3ന് അമിത്ഷാ തിരുവനന്തപുരത്തെത്തുന്നത്. പുതിയ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം അതിന് മുമ്പുണ്ടാവുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാന നേതൃത്വം.