സംസ്ഥാനത്ത് ഗതാഗതം പൂര്‍വസ്ഥിതിയിലേക്ക്

Jaihind News Bureau
Monday, August 20, 2018

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ചില ട്രെയിനുകൾ റദ്ദാക്കിയെങ്കിലും ബാക്കിയെല്ലാം സാധാരണ നിലയിലായി. നാളെ മുതൽ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ബസുകളും സർവീസ് പുനഃരാരംഭിക്കും.

പ്രളയത്തെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതമാണ് ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിയിരിക്കുത്. പാലക്കാട്-കോയമ്പത്തൂർ- ചെന്നൈ റൂട്ടുകളിൽ പൂർണമായും സർവീസുകൾ തുടങ്ങി. തൃശൂർ-എറണാകുളം റൂട്ടിൽ ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കിയതൊഴികെ ബാക്കിയെല്ലാം സാധാരണ നിലയിലായി.

മുംബൈ-കന്യാകുമാരി ജയന്തി ജനത ഒമ്പത് മണിക്കൂർ വൈകി തൃശൂരിൽ നിന്ന് പുറപ്പെട്ടു. നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ് ഒരുമണിക്കൂർ വൈകി തൃശൂരിൽ നിന്ന് യാത്ര ആരംഭിച്ചു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂർ വരെ പോകുന്ന ഇന്‍റർസിറ്റി എക്‌സ്പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. ചെന്നൈ മെയിൽ, മംഗലാപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, 16630 മലബാർ എക്‌സ്പ്രസ്, മംഗലാപുരം-കണ്ണൂർ പാസഞ്ചർ, മംഗലാപുരം- ചെന്നൈവെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികൾ കൃത്യസമയത്ത് തന്നെ യാത്ര ആരംഭിച്ചു. അതേസമയം ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയും കൂടുതൽ ബസുകൾ നിരത്തിലിറത്തി. ബംഗളുരു, മൈസൂർ, കോയമ്പത്തൂർ, മൂകാംബിക വോൾവോ, സ്‌കാനിയ തുടങ്ങിയ ദീർഘദൂര ബസുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്ത് നിന്നും എം.സി റോഡ് വഴി കോട്ടയത്തേക്കുള്ള ബസുകളും തൃശൂർ, എറണാകുളം, ആലപ്പുഴ വഴിയുള്ള ദീർഘദൂരബസുകളും സര്‍വീസ് തുടങ്ങി. അതേ സമയം പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര ബസുകൾ റോഡ് തകർന്നതിനാൽ അടൂരിൽ യാത്ര അവസാനിപ്പിച്ചു.